ഗവർണർക്കെതിരെ തുടർ നടപടികള്‍ സ്വീകരിക്കുന്നതില്‍ സർക്കാരില്‍ അനിശ്ചിതത്വം
|ലോകായുക്ത നിയമഭേദഗതി ബില്‍, ചാന്‍സലർ സ്ഥാനത്ത് നിന്നു ഗവർണറെ ഒഴിവാക്കുന്ന ബില്‍ അടക്കം എട്ട് സുപ്രധാന നിയമനിർമ്മാണങ്ങള്‍ക്കുള്ള അനുമതിയാണ് കിട്ടാനുള്ളത്.
തിരുവനന്തപുരം: നിർണായക ബില്ലുകളില്‍ ഒപ്പിടാതിരുന്നിട്ടും ഗവർണർക്കെതിരെ തുടർ നടപടികള്‍ സ്വീകരിക്കുന്നതില്‍ സർക്കാരില്‍ അനിശ്ചിതത്വം. ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള അനുകൂല നിയമോപദേശങ്ങള്‍ ഉണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കങ്ങള്‍ കൂടുതല്‍ വഷളാക്കേണ്ടിതില്ലെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളർക്കുള്ള അഭിപ്രായം. ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് ഓണം വാരാഘോഷത്തിന്റെ സമാപനത്തിലേക്ക് ഗവർണറെ സർക്കാർ ക്ഷണിച്ചതും.
ലോകായുക്ത നിയമഭേദഗതി ബില്‍, ചാന്‍സലർ സ്ഥാനത്ത് നിന്നു ഗവർണറെ ഒഴിവാക്കുന്ന ബില്‍ അടക്കം എട്ട് സുപ്രധാന നിയമനിർമ്മാണങ്ങള്‍ക്കുള്ള അനുമതിയാണ് ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് കിട്ടാനുള്ളത്. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനും ഗവർണർ പച്ചക്കൊടി കാണിച്ചിട്ടില്ല. നിയമസഭ പാസാക്കി ബില്ലുകള്‍ അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒപ്പിടുന്ന കാര്യത്തില്‍ ഗവർണർ മൗനം പാലിക്കുകയാണ്. ഗവർണർമാർ നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിയമനടപടി പോലെ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളസർക്കാരും തീരുമാനിച്ചിരിന്നു.
ഇതിന് അനുകൂലമായി സൂപ്രീംകോടതിയിലെ അഭിഭാഷകരില്‍ നിന്നും എജിയും നിന്നുമടക്കം സർക്കാരിന് നിയമോപദേശം ലഭിച്ചിരിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിന് ഒരു അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കോടതിയെ സമീപിച്ചാല്‍ ഗവർണറുമായി ഒരു അനുനയത്തിനും പിന്നീട് സാധ്യത ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തല്‍. സർക്കാരിനെതിരെ എന്തെങ്കിലും കിട്ടാന്‍ കാത്ത് നില്‍ക്കുന്ന ഗവർണർ ഇത് ആയുധമാക്കി നിരന്തരം പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സർക്കാരിന്‍റെ ആശങ്ക. അതു കൊണ്ട് കോടതിയെ സമീപിക്കുന്നതില്‍ കൂടുതല്‍ ചർച്ചകള്‍ വേണമെന്ന അഭിപ്രായം മുഖ്യമന്ത്രി അടക്കമുള്ളവർക്കുണ്ട്. അനുനയത്തിന്‍റെ ഭാഗമായിട്ടാണ് കൂടിയാണ് കഴിഞ്ഞ തവണ ക്ഷണിക്കാതിരുന്ന ഓണം വാരാഘോഷത്തിലേക്ക് ഗവർണറെ സർക്കാർ ക്ഷണിച്ചത്. എന്നാല്‍ നിയമനിർമ്മാണ സഭ പാസ്സാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഭരണഘടനവിരുദ്ധമായ ഗവർണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കണമെന്ന അഭിപ്രായം സിപിഎമ്മിനുള്ളിലുണ്ട്.