Kerala
തെരുവ് ഭാഷയിൽ നടത്തുന്ന പോര് ഭരണഘടനക്ക് യോജിച്ചതല്ല;   ഗവർണർ- മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം
Kerala

'തെരുവ് ഭാഷയിൽ നടത്തുന്ന പോര് ഭരണഘടനക്ക് യോജിച്ചതല്ല'; ഗവർണർ- മുഖ്യമന്ത്രി പോരിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം

Web Desk
|
19 Sep 2022 4:14 AM GMT

''അടുക്കളപ്പോര് തെരുവീഥികളിലേക്ക് വലിച്ചിട്ട് പൊതുസമൂഹത്തിന് ദുസ്സഹമാക്കി തീർത്തു''

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തെരുവ് ഭാഷയിൽ നടത്തുന്ന പോര് ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് മുഖപത്രം. ഇരുവരും ഭരണഘടനയുടെ തത്വങ്ങളും കടമകളും വിസ്മരിക്കരുത്. അടുക്കളപ്പോര് തെരുവീഥികളിലേക്ക് വലിച്ചിട്ട് പൊതുസമൂഹത്തിന് ദുസ്സഹമാക്കി തീർത്തു. ഇരിക്കുന്ന പദവിയുടെ അന്തസ്സ് മറന്ന് ഗവർണർ പ്രവർത്തിക്കരുതെന്നും വീക്ഷണം മുഖപ്രസംഗത്തിൽ പറയുന്നു.

ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെ പതിനൊന്ന് മുഖ്യമന്ത്രിമാരും ബി.ആർ റാവു മുതൽ ജസ്റ്റിസ് സദാശിവം വരെയുള്ള ഗവർണർമാരും കേരളത്തിന്റെ ഭരണാധികാരികളായി എത്തിയിട്ടുണ്ട്. എന്നാൽ അവർ തങ്ങളിരിക്കുന്ന പദവിയുടെ അന്തസും ആഭിജാത്യവും മറന്ന് പ്രവർത്തിച്ചവരായിരുന്നില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തെരുവിന്റെ ഭാഷയിൽ നടത്തുന്ന പോര് ജനാധിപത്യത്തിനും ഭരണഘടനക്കും യോജിച്ചതല്ല.

വിവിധ സംസ്ഥാനങ്ങളിൽ അധികാരത്തെ ചൊല്ലി മുഖ്യമന്ത്രിമാരും ഗവർണർമാരും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിലേതുപോലൊരു തമ്മിൽതല്ല് മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാറിന്റെ പ്രതിനിധിയായും സംസ്ഥാനത്തിന്റെ തലവനുമായാണ് ഗവർണർ പ്രവർത്തിക്കുന്നത്. എന്നാൽ സർവകലാശാലകളുടെ ചാൻസലർ പദവി നിഷേധിച്ചുകൊണ്ട് ഗവർണറെ വെല്ലുവിളിക്കുന്നത് ചട്ടങ്ങൾക്കും കീഴ്‍വഴക്കങ്ങൾക്കും യോചിച്ചതല്ലെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

അതേസമയം ഗവർണർ ഭരണഘടനാ തലവനാണെങ്കിലും ഭരണാധികാരിയല്ലെന്നാണ് സിപിഎം മുഖപത്രത്തില്‍ പറയുന്നത്. യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ് .രാഷ്ട്രീയ യജമാനൻമാരുടെ കയ്യടി വാങ്ങാനാണ് ഗവർണറുടെ നീക്കങ്ങൾ. താൻ ഒപ്പിട്ടാലേ ബില്ലുകൾ നിയമമാകൂവെന്ന ഗവർണറുടെ വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.


Similar Posts