കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പെൺകുട്ടികൾക്കായി വീണ്ടും പരീക്ഷ നടത്തും
|പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിയുടെ രക്ഷിതാവ് പ്രതികരിച്ചു
കൊല്ലം: നീറ്റ് പരീക്ഷക്കിടെ വിദ്യാർത്ഥികളുടെ അടിവസ്തം അഴിപ്പിച്ചതായുള്ള വിവാദത്തെ തുടർന്ന് വീണ്ടും പരീക്ഷ നടത്താൻ തീരുമാനമായി. അടുത്തമാസം നാലാം തീയതിയാണ് പരീക്ഷ. ആയൂർ മാർത്തോമ കോളേജിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ആവശ്യമുള്ളവർ മാത്രം എഴുതിയാൽ മതി. കേരളത്തെ കൂടാതെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും അഞ്ചു കേന്ദ്രങ്ങളിൽ കൂടി ഇതേ ദിവസം പരീക്ഷ നടക്കും.
നീറ്റ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് ആയൂർ മാർത്തോമ കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിയുടെ രക്ഷിതാവ് പ്രതികരിച്ചു. ഹാൾടിക്കറ്റ് അടക്കമുള്ളവ ഇ മെയിലിൽ ലഭിച്ചു. പരീക്ഷ നടത്തുമ്പോൾ കൃത്യമായ യോഗ്യത ഉള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കൊല്ലം ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ആയിരുന്നു സംഭവം. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം ഊരി പരിശോധന നടത്തിയത്. സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു കേസ്. ഇവരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
പരീക്ഷക്കെത്തിയ 90 ശതമാനം വിദ്യാർത്ഥികൾക്കും ഈ ദുരവസ്ഥ നേരിടേണ്ടി വന്നിരുന്നു. ഏറെ മാനസിക സംഘർഷം അനുഭവിച്ചാണ് വിദ്യാർഥികൾ പരീക്ഷയെഴുതിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.