Kerala
വയനാട്ടിൽ അജ്ഞാതസംഘത്തിന്‍റെ  ആക്രമണം: ഭര്‍ത്താവിന് പിറകെ ഭാര്യയും മരിച്ചു
Kerala

വയനാട്ടിൽ അജ്ഞാതസംഘത്തിന്‍റെ ആക്രമണം: ഭര്‍ത്താവിന് പിറകെ ഭാര്യയും മരിച്ചു

Web Desk
|
11 Jun 2021 2:22 AM GMT

മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വയനാട്ടിൽ അജ്ഞാതസംഘത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു.. പനമരം താഴെ നെല്ലിയമ്പം സ്വദേശി പത്മാവതി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് പത്മാലയം കേശവൻ മാസ്റ്റർ ഇന്നലെ സംഭവസ്ഥലത്ത് വച്ച് കുത്തേറ്റ് മരിച്ചിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി എട്ടുമണിക്ക് ശേഷമാണ് ഇവരുടെ വീട്ടിലേക്ക് മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ എത്തിയത്. ഒറ്റപ്പെട്ട ഒരു സ്ഥലത്താണ് ഇവരുടെ വീട്. ചുറ്റും തോട്ടമാണ്. റിട്ടയേര്‍ഡ് അധ്യാപകനാണ് കേശവന്‍ മാസ്റ്റര്‍. ഭാര്യ പത്മാവതി വീട്ടമ്മയുമാണ്. ഇവര്‍ രണ്ടുപേരും മാത്രമാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളൊക്കെ പുറത്താണ് താമസം.

പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. അവര്‍ അലറിക്കരഞ്ഞുകൊണ്ട് വീടിന് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും മുഖംമൂടി അണിഞ്ഞ രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടു.

കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പത്മാവതി ഇന്ന് രാവിലെയും മരിച്ചു.

Similar Posts