കുർബാന ഏകീകരണം: അങ്കമാലി അതിരൂപതക്ക് മാത്രം ഇളവ് നൽകാനാകില്ലെന്നാവർത്തിച്ച് വത്തിക്കാൻ
|കുർബാന ഏകീകരണത്തിൽ കാലതാമസം വരുത്തരുത് എന്നും, നിലവിൽ സ്വീകരിച്ച നടപടികളെ കുറിച്ചു റിപ്പോർട്ട് നൽകാനും ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് വത്തിക്കാൻ നിർദ്ദേശം നൽകി
അങ്കമാലി: കുർബാന ഏകീകരണം നടപ്പാക്കുന്നതിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി ഇളവ് നൽകാൻ ആകില്ലെന്ന് ആവർത്തിച്ചു വത്തിക്കാൻ. ഇത് വരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകാൻ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ബിഷപ്പ് ആൻഡ്രൂസ് താഴത്ത് വത്തിക്കാനിൽ എത്തി റിപ്പോർട്ട് നൽകും..
കഴിഞ്ഞ ജൂലൈ 30ന് ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റർ സ്ഥാനത്ത് നിന്നും ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി പകരം ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് ചുമതല നൽകിയത്. അതിരൂപതയിൽ സീറോ മലബാർ സഭ സിനഡ് തീരുമാനം നടപ്പിലാക്കണമെന്ന നിർദ്ദേശത്തോടെയായായിരുന്നു നിയമന ഉത്തരവ്. എന്നാൽ വിമത വിഭാഗത്തിന്റെ തുടർച്ചയായുള്ള പ്രതിഷേധങ്ങളും, ബിഷപ്പ് ആൻഡ്രൂസ് തഴത്തുമായി വൈദീക സമിതിയുടെ നിസഹകരണവും മൂലം കുർബാന ഏകീകരണം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വത്തിക്കാൻ നിലവിലെ സാഹചര്യത്തെ കുറിച്ചു റിപ്പോർട്ട് നൽകാൻ ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുർബാന ഏകീകരണത്തിൽ കാലതാമസം വരുത്തരുത് എന്നും, നിലവിൽ സ്വീകരിച്ച നടപടികളെ കുറിച്ചു റിപ്പോർട്ട് നൽകാനും ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് വത്തിക്കാൻ നിർദ്ദേശം നൽകി.അതേ സമയം ഇന്നലെ ചേർന്ന അതിരൂപത വൈദീക സമിതി യോഗത്തിൽ നിന്നും ബിഷപ് ആൻഡ്രൂസ് താഴത്ത് ഇറങ്ങിപ്പോയി. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യത്തിൽ വൈദീകർ ഉറച്ചു നിന്നതോടെയാണ് ബിഷപ്പ് യോഗം ബഹിഷ്‌കരിച്ചത്. ഇതോടെ ബിഷപ്പിനെതിരെ മുദ്രാവാക്യവുമായി വിമത വിഭാഗവുമെത്തി. പോലീസ് സംരക്ഷണയിലാണ് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങിയത്