Kerala
ഏകീകൃത കുർബാന: സിറോ മലബാർ സഭയിൽ തർക്കം മുറുകുന്നു
Kerala

ഏകീകൃത കുർബാന: സിറോ മലബാർ സഭയിൽ തർക്കം മുറുകുന്നു

Web Desk
|
8 April 2022 1:07 PM GMT

ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന നടപ്പാക്കണമെന്ന വത്തിക്കാൻ നിർദേശം മറികടന്ന് മുന്നോട്ടു പോകാൻ വൈദികർ തീരുമാനിച്ചത് സഭയിലെ തർക്കം രൂക്ഷമാക്കും

കൊച്ചി: സിറോ മലബാർ സഭയിൽ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ഓശാന ഞായർ മുതൽ കുർബാന ഏകീകരണം നടപ്പാക്കാനുളള സിനഡ് സർക്കുലറിൽ ബിഷപ്പ് ആന്റണി കരിയിൽ ഒപ്പിട്ടത് സമ്മർദ്ദം കാരണമാണെന്ന് ആരോപിച്ച വൈദികർ ക്രിസ്മസ് ദിനം വരെ അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന് അറിയിച്ചു. അതേസമയം, കുർബാന വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം കർദിനാളിനാണെന്നും സിനഡ് തീരുമാനം നിലനിൽക്കുമെന്നും കർദിനാൾ ജോർജ് ആലഞ്ചേരി വ്യക്തമാക്കി.

ഡിസംബർ 25 വരെ ജനാഭിമുഖ കുർബാന തുടരാൻ അതിരൂപതയിലെ പള്ളികൾക്ക് ഇളവ് നൽകിക്കൊണ്ട് ബിഷപ്പ് ആന്റണി കരിയിൽ ഇറക്കിയ സർക്കുലർ സിനഡ് ഇന്നലെ അസാധുവാക്കിയിരുന്നു. കർദിനാൾ ജോർജ് ആലഞ്ചേരിക്കൊപ്പം മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആൻറണി കരിയിലും സിനഡിന് ശേഷമുള്ള സർക്കുലറിൽ ഒപ്പുവച്ചിരുന്നു. ഇതിനെ തുടർന്നാണ് അതിരൂപതയിലെ വൈദികരും വിശ്വാസികളും ബിഷപ്പ് ആന്റണി കരിയിലുമായി കൂടിക്കാഴ്ച നടത്തിയത്. സിറോ മലബാർ സഭ ആസ്ഥാനത്ത് നിന്ന് എഴുതി തയാറാക്കിയ സർക്കുലറിൽ നിർബന്ധിച്ച് ഒപ്പിടീച്ചതാണെന്ന് വൈദികയോഗത്തിൽ ബിഷപ്പ് ആന്റണി കരിയിൽ വെളിപ്പെടുത്തിയതായി വൈദികർ പറഞ്ഞു. സർക്കുലർ പുറപ്പെടുവിക്കുവാൻ കൂരിയാ അംഗങ്ങളോടുപോലും ആലോചിക്കരുതെന്നും, ഡിജിറ്റൽ സിഗ്‌നേച്ചറും, സീലും, ലെറ്റർ ഹെഡും അയച്ചുതന്നാൽ മതിയെന്നുമായിരുന്നു മൗണ്ട് സെന്റ് തോമസിന്റെ നിർദേശനമെന്ന് ബിഷപ്പ് അറിയിച്ചതായും വൈദികർ പറഞ്ഞു.

ഡിസംബർ 25 മുതൽ മാത്രമേ ഏകീകൃത കുർബാന നടപ്പാക്കാൻ കഴിയൂ എന്ന നിലപാട് വ്യക്തമാക്കി കൊണ്ടുള്ള വൈദികരുടെ വാർത്താസമ്മേളനത്തിനിടെ കർദിനാളിനെ അനുകൂലിക്കുന്നവർ ബിഷപ്പ് ഹൗസിലെത്തി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇരുവിഭാഗം വിശ്വാസികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസെത്തി ഇരു കൂട്ടരെയും പിരിച്ച് വിട്ടു. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുർബാന നടപ്പാക്കണമെന്ന വത്തിക്കാൻ നിർദേശം മറികടന്ന് മുന്നോട്ടു പോകാൻ വൈദികർ തീരുമാനിച്ചത് സഭയിലെ തർക്കം കൂടുതൽ രൂക്ഷമാക്കും.


Unified Qurbana: Dispute intensifies in Syro Malabar Church

Similar Posts