ഏകീകൃത സിവിൽകോഡ് സ്വകാര്യബില്ലായി രാജ്യസഭയിൽ; എതിർത്ത് പ്രതിപക്ഷം
|ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി
ഡൽഹി: ഏകീകൃത സിവിൽകോഡ് സ്വകാര്യ ബില്ലായി ബിജെപി അംഗം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി കിരോദി ലാൽ മീണയാണ് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളം വകവെക്കാതെയാണ് കിരോദി ലാൽ മീണ ബിൽ അവതരിപ്പിച്ചത്.
ബിൽ രാജ്യത്തിന് ഗുണകരമല്ലെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ബിൽ വർഗീയ ദ്രുവീകരണത്തിന് ഇടയാക്കുമെന്നായിരുന്നു സിപിഎം നിലപാട്. ബില്ലിനെ എതിർക്കാൻ സഭയിൽ കോൺഗ്രസ് അംഗങ്ങൾ ഇല്ലാത്തതിനെ അബ്ദുൽ വഹാബ് എംപി വിമർശിച്ചു.
സഭയിൽ ബിൽ അവതരണത്തിനായി ബിജെപി എംപി അനുമതി തേടിയപ്പോൾ തന്നെ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. സിപിഎം, മുസ്ലിം ലീഗ്, തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബില്ലിനെ എതിർത്തുകൊണ്ട് രംഗത്തെത്തി. കോൺഗ്രസ് അംഗങ്ങൾ സഭയിലില്ലെന്ന് അബ്ദുൽ വഹാബ് എംപി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലെത്തി. ഇവരും ബില്ലിനെ രൂക്ഷമായി എതിർക്കുകയാണുണ്ടായത്.
ബില്‍ അവതരണത്തിന് ശബ്ദ വോട്ട് വഴിയാണ് അനുമതി ലഭിച്ചത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ 23 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. 63 പേർ അനുകൂലിച്ചപ്പോൾ കിരോദി ലാൽ മീണ ബിൽ അവതരിപ്പിക്കുകയായിരുന്നു.