"തെരുവിലിറങ്ങി പോരാടേണ്ട, നിയമപരമായി തന്നെ നേരിടണം": ഏക സിവിൽകോഡിൽ മുസ്ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി
|മുസ്ലിംകൾ മാത്രം പ്രതികരണം നടത്തേണ്ട വിഷയമല്ലിത്. ന്യൂനപക്ഷ- ഗോത്ര വിഭാഗം അടക്കം എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ നിയമപരമായി തന്നെ പോരാടണമെന്ന് മുസ്ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി. ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ. മുസ്ലിംകൾ മാത്രം പ്രതികരണം നടത്തേണ്ട വിഷയമല്ലിത്. ന്യൂനപക്ഷ- ഗോത്ര വിഭാഗം അടക്കം എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് കമ്മിറ്റിയെ പ്രതിനിധീകരിച്ച് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഏകസിവിൽകോഡ് പിൻവലിക്കാൻ തെരുവിലിറങ്ങി പോരാടേണ്ട കാര്യമില്ല, നിയമപരവും രാഷ്ട്രീയവുമായി നേരിടേണ്ട വിഷയമാണിത്. ഇതിൻ്റെ പേരിൽ സമൂദായിക ധ്രുവീകരണം നടക്കരുത്. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇത് സംബന്ധിച്ച് കോഴിക്കോട് ഉൾപ്പെടെ സെമിനാറുകൾ നടത്തും. കോർ കമ്മറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. സമുദായ പ്രശ്നമായി കാണുന്ന പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് മുസ്ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി യോഗം ആരംഭിച്ചത്. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചർച്ച ചെയ്തു. ഏക സിവിൽ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ആലോചന. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചർച്ചയായി.