ഏക സിവിൽ കോഡ് ഗോത്ര സ്വത്വത്തെ നശിപ്പിക്കും: സി.ജെ ജാനു
|'എൻ.ഡി.എയിൽ തുടർന്നാലും വിയോജിപ്പുകളുയർത്തും. സി.പി.എമ്മിന്റെ ഏക സിവിൽകോഡ് പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണ്'
വയനാട്: ഏക സിവിൽ കോഡിനെതിരെ ആദിവാസി നേതാവ് സി.കെ ജാനു. ഗോത്ര സ്വത്വത്തെ നശിപ്പിക്കുന്നതാണ് ഏക സിവിൽ കോഡ്. ആദിവാസികൾക്കിടയിൽ തന്നെ പല വിഭാഗങ്ങളിലും പല ആചാരങ്ങളാണ്. എല്ലാവർക്കും ഒരു സിവിൽ കോഡ് എന്നത് ആദിവാസികളെയാണ് കൂടുതൽ ബാധിക്കുകയെന്നും സി.കെ ജാനു പറഞ്ഞു.
ഏക സിവിൽ കോഡിനെതിരായ സി.പി.എം പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണ്. എൻ.ഡി.എയിൽ തുടർന്നാലും വിയോജിപ്പുകളുയർത്തും. കേരളത്തിൽ ഇപ്പോൾ 36 വിഭാഗം ആദിവാസികളുണ്ട്. അവർക്കെല്ലാം ഓരോരോ ആചാരവും അനുഷ്ഠാനവും സംസ്കാരവും ജീവിത രീതികളുമാണ്. ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ അതെല്ലാം ഇല്ലാതാകുമെന്നും സി.കെ ജാനു പറഞ്ഞു.
അതേസമയം ഏക സിവിൽ കോഡിനെ അനുകൂലിക്കുന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചത്. മുസ്ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്ലിം - ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.