കേരളത്തിന് നിരാശ ; ഇത്തവണയും എയിംസില്ല, പ്രളയ ദുരിതാശ്വാസ പദ്ധതിയിലുമില്ല
|സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്
ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് കേരളത്തിന് കണ്ണീര്‍ ബജറ്റായി. ബിഹാറും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തപ്പോള്‍ സംസ്ഥാനത്തിന് പ്രത്യേകിച്ചായി ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.
സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേരളത്തില്‍ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്‍റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചില ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സംസ്ഥാനത്ത് കാര്യമായ പദ്ധതികളൊന്നും ലഭിച്ചിരുന്നില്ല.ലൈറ്റ് മെട്രോ, ടൂറിസം മേഖലകളിലെ പദ്ധതികള്‍, വിഴിഞ്ഞം തുറമുറത്തിന്റെ അനുബന്ധ വികസനം, റെയില്‍വേ വികസനം, സില്‍വര്‍ലൈന്‍ തുടങ്ങിയ പ്രതീക്ഷകളും കേരളത്തിനുണ്ടായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം.
അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് പ്രകൃതി ദുരന്തത്തെ നേരിടാന്‍ പ്രത്യേക സഹായം അനുവദിച്ചിരിക്കുന്നത്. രണ്ട് പ്രളയത്തെ നേരിട്ട കേരളത്തെ ബജറ്റില്‍ അവഗണിച്ചു. അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികളുമ കേരളത്തിനില്ല.