Kerala
Union Minister George Kurian said that the Center will submit a report to the Kerala High Court regarding the central assistance to the victims of the Wayanads Mundakkai landslide disaster
Kerala

മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായം: കേന്ദ്രം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Web Desk
|
12 Oct 2024 6:53 AM GMT

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയിൽനിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു

കോഴിക്കോട്: വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായവുമായി ബന്ധപ്പെട്ട് കോടതിയിൽ കേന്ദ്രം റിപ്പോർട്ട് നൽകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പിഎം ദുരിതാശ്വാസ ഫണ്ട് എന്നിവയിൽനിന്ന് ഇതുവരെ കേരളത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹതാൽപര്യത്തിനെതിരാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നല്ലൊരു റിപ്പോർട്ട് പ്രതീക്ഷിക്കാമെന്ന് ജോർജ് കുര്യൻ പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയിൽ പോകണമായിരുന്നോ എന്നത് പോയവരോട് ചോദിക്കണം. വയനാട് ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ നാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂ എന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചത്. കേന്ദ്രസഹായം സംബന്ധിച്ചുള്ള കാര്യങ്ങൾ ഒക്ടോബർ 18നകം അറിയിക്കാനും വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജഡ്ജിമാരായ ജ. എ.കെ ജയശങ്കരൻ നമ്പ്യാർ, ജ. വി.എം ശ്യാംകുമാർ എന്നിവർ നിർദേശിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങൾ വീണ്ടും അധികൃതർക്ക് പുറകെ നടന്ന് കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു.

വയനാട് ദുരന്തത്തിന് രണ്ടരമാസമായിട്ടും കേന്ദ്ര സഹായമില്ലെന്നും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ ഇടപെടണമെന്നും മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ മീഡിയ വണിനോട് പറഞ്ഞിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങൾക് കേന്ദ്രസഹായം നൽകിയിട്ടും കേരളത്തിൽ വൈകുന്നത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നേരിട്ട് കണ്ടതിനാൽ ഇനിയൊരു റിപ്പോർട്ടിന്റെ പേരിൽ വൈകിപ്പിക്കരുതെന്നും രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Summary: Union Minister George Kurian said that the Center will submit a report to the Kerala High Court regarding the central assistance to the victims of the Wayanad's Mundakkai landslide disaster

Similar Posts