Kerala
ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ല; എ.കെ.ജി സെന്റർ ആക്രമണത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ
Kerala

'ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ല'; എ.കെ.ജി സെന്റർ ആക്രമണത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ

Web Desk
|
1 July 2022 9:32 AM GMT

''തന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്ന് പറയാനുള്ള ധൈര്യമാണ് ഇ.പി ജയരാജൻ കാണിക്കേണ്ടത്. ജനങ്ങൾക്ക് സൈ്വര്യജീവിതം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു''

ന്യൂഡൽഹി: എ.കെ.ജി സെന്റർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ജനങ്ങൾക്ക് സൈ്വര്യജീവിതം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും കഴിവുള്ള ആരെയെങ്കിലും ആഭ്യന്തര വകുപ്പ് ഏൽപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.

മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ഇന്റലിജൻസ് സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണിത് കാണിക്കുന്നത്. പൊലീസ് സംവിധാനത്തിന്റെ, പട്രോളിങ് സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണിത് കാണിക്കുന്നത്. ഒരാൾ വരുന്നു, ബോംബെറിയുന്നു, തിരിച്ചുപോകുന്നു. ഒരു വിവരവും പൊലീസ് സംവിധാനത്തിനില്ല. തിരിച്ചുപോയയാളെ പിടികൂടാൻ സാധിക്കുന്നില്ല. സെക്രട്ടറിയേറ്റിന്റെ മീറ്ററുകൾക്ക് അപ്പുറത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമ്പോൾ കേരളത്തിന്റെ പൊലീസ് സംവിധാനം എന്തു ചെയ്യുകയാണ്? ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസ് പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം എങ്ങനെയാണ് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുക?-മുരളീധരൻ ചോദിച്ചു

''ഇവരാണ് നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപം തടയാൻ സാധിച്ചിട്ടില്ല, യോഗി ആദിത്യനാഥ് ക്രമസമാധാനനില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നത്. കേരളത്തിലെ ഭരണസംവിധാനം കുത്തഴിഞ്ഞിരിക്കുകയാണെന്നാണ് ഇത് കാണിക്കുന്നത്. കേരളത്തിലെ പൊലീസ് സംവിധാനത്തെ മാർക്‌സിസ്റ്റ് പാർട്ടി ഗുണ്ടകൾക്ക് നിയന്ത്രിക്കാൻ വിട്ടുകൊടുത്ത് പൊലീസുകാരുടെ മനോവീര്യം തകർത്ത സാഹചര്യമാണ്. അതുകൊണ്ടാണ് അവർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാതെ പോകുന്നത്.''

ആഭ്യന്തര മന്ത്രിസ്ഥാനം മുഖ്യമന്ത്രി സ്വയം കൈയാളുന്ന ഒരു സംസ്ഥാനത്ത് അദ്ദേഹം ഇനിയും പ്രകോപനമുണ്ടാക്കരുതെന്ന് പ്രസ്താവന നടത്തുന്നതിനു പകരം തന്റെ കഴിവുകേടാണെന്ന് സ്വയം സമ്മതിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ആഭ്യന്തര വകുപ്പ് കഴിവുള്ള മറ്റാരെയെങ്കിലും ഏൽപിക്കട്ടെ. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് സമാധാനപരമായി, സ്വസ്ഥമായി ജീവിക്കാൻ കഴിയും. കഴിഞ്ഞ കുറേ ദിവസങ്ങളായി വിമാനത്തിലെ ആക്രമണം, മുദ്രാവാക്യംവിളി, അതുകഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, ഇപ്പോൾ സി.പി.എമ്മിന്റെ ഓഫീസ് ആക്രമണം... ഇതെല്ലാംകൊണ്ട് ജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണ് ഇവർ രണ്ടുകൂട്ടരും ഉണ്ടാക്കുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ഇതെല്ലാം കാണുകയും തിരിച്ചറിയുകയും വേണമെന്നാണെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ഞാനിവിടെ ഇരുന്ന് കോൺഗ്രസോ സി.പി.എമ്മോ എന്നൊന്നും പറയുന്നില്ല. പൊലീസ് അന്വേഷിക്കട്ടെ. ഭരണത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ് ആരാണെന്ന് കണ്ടുപിടിക്കൽ. തന്റെ നേതാവിന് ഭരണം നടത്താൻ കഴിവില്ലെന്ന് പറയാനുള്ള ധൈര്യമാണ് ഇ.പി ജയരാജൻ കാണിക്കേണ്ടത്. ജനങ്ങൾക്ക് സൈ്വര്യജീവിതം ഒരുക്കുന്നതിൽ സർക്കാർ സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു. സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ ഞാനല്ലല്ലോ കേരളം ഭരിക്കുന്നത്. ഞാനാണ് കേരളം ഭരിക്കുന്നതെങ്കിൽ ഈ സംഭവം നടക്കില്ലായിരുന്നു-വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Summary: Union Minister V Muraleedharan criticizes Kerala CM Pinarayi Vijayan in AKG center attack

Similar Posts