സർവകലാശാല നിയമ ഭേദഗതി ബിൽ സഭയിൽ; എതിർത്ത് പ്രതിപക്ഷം
|ബിൽ യു.ജി.സി റഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ തടസവാദം
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ മന്ത്രി ആർ ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിൽ പ്രതിപക്ഷത്തിന്റെ തടസവാദങ്ങൾ സ്പീക്കർ തള്ളി. ബിൽ യു.ജി.സി റഗുലേഷന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ തടസവാദം. എന്നാൽ, സംസ്ഥാന സർവകലാശാലകൾ യുജിസി റെഗുലേഷൻ അനുസരിക്കമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
സർവകലാശാലകളിലെ രാഷ്ട്രീയ നിയമനം സംബന്ധിച്ച് ഗവർണർ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാൻ തുടങ്ങിയതോടെയാണ് നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചിരുന്നു. അതേസമയം, സർവകലാശാല ഭേദഗതി ബിൽ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് മന്ത്രി ആർ ബിന്ദു സഭയിൽ പറഞ്ഞു. പ്രതിപക്ഷം തടസവാദം ഉന്നയിച്ചെങ്കിലും സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നുവെന്ന് പി രാജീവ് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് സ്പീക്കർ അത് തള്ളുകയായിരുന്നു.
പുതിയ ഭേദഗതി പ്രകാരം കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സെനറ്റിന്റെ പ്രതിനിധിക്കു പകരം സിൻഡിക്കറ്റ് പ്രതിനിധി വരും. സെർച്ച് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർവകലാശാലകളുമായോ കോളേജുകളുമായോ ബന്ധം പാടില്ലെന്നും ബില്ലിൽ പറയുന്നു.