കോവിഡ് വ്യാപനം: സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ മാറ്റി
|ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാള സർവകലാശാല, സംസ്കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. നാളെ മുതൽ നടത്തേണ്ട പരീക്ഷകൾ മാറ്റാനാണ് വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകിയത്. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്‍ററുകളും കണ്ടെയ്ന്മെന്റ് സോണുകളിലായതിന്‍റെ ആശങ്കയാണ് രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്.
അതിനിടെ, സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.