Kerala
ഗവർണറുടെ ഒപ്പ് വൈകും; സർവകലാശാല നിയമഭേദഗതി ബിൽ സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു
Kerala

'ഗവർണറുടെ ഒപ്പ് വൈകും'; സർവകലാശാല നിയമഭേദഗതി ബിൽ സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു

Web Desk
|
24 Aug 2022 1:01 PM GMT

സബ്ജക്റ്റ് കമ്മിറ്റിയിലെ ചർച്ചയ്ക്കു ശേഷം ബിൽ തിങ്കളാഴ്ച വീണ്ടും സഭയിൽ വരും

തിരുവനന്തപുരം: ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന സർവകലാശാലാ നിയമ ഭേദ​ഗതി ബിൽ നിയമസഭാ സബ്ജക്ടറ്റ് കമ്മിറ്റിക്കു വിട്ടു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ബില്ലിന് നിയമസാധുതയുണ്ടാകില്ലെന്ന പ്രതിപക്ഷത്തിന്റെ തടസവാദം തല്ലിക്കൊണ്ടായിരുന്നു നടപടി. ചാൻസലറുടെ വിവേചനാധികാരം കുറയില്ലെന്നും ബിൽ അവതരിപ്പിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വിശദീകരിച്ചു.

വൈസ് ചാൻസലർമാരെെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ​​ചാൻസലറായ ​ഗവർണറുടെ താത്പര്യം മറികടക്കാനുമാകും. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു. കേന്ദ്ര നിയമത്തെ മറികടക്കുന്ന ബില്ലിന് നിയമസാധുത ഉണ്ടാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ തടസ്സവാദം.

ചാൻസലറുടെ അധികാരം പരിമിതിപ്പെടില്ലെന്നും യുജിസി ചട്ടം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. സംസ്ഥാന സർവകലാശാലകൾ യുജിസി ചട്ടം അനുസരിക്കണമെന്നും നിർബന്ധമില്ലെന്നും മാർ​ഗ നിർദേശക സ്വഭാവം മാത്രമേയുള്ളൂവെന്നും നിയമമന്ത്രി പി.രാജീവും വാദിച്ചു. ബിജെപിയും കോൺ​ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും നേരത്തേ ചാൻസലറുടെ അധികാരം ഇല്ലാതാക്കിയെന്നും കെടി ജലീലും പറഞ്ഞു. സബ്ജക്റ്റ് കമ്മിറ്റിയിലെ ചർച്ചയ്ക്കു ശേഷം ബിൽ തിങ്കളാഴ്ച വീണ്ടും സഭയിൽ വരും. നിയമസഭ പാസാക്കിയാലും ​ഗവർണറുടെ ഒപ്പിടുന്നത് വൈകിക്കാനാണ് സാധ്യത

Similar Posts