സർവകലാശാലകളിലെ പെൻഷൻ ഫണ്ട്: തീരുമാനം പുനപ്പരിശോധിക്കുമെന്ന് മന്ത്രി
|സർവകലാശാലാ ജീവനക്കാരുമായും അധ്യാപകരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം
സർവകലാശാലകളിലെ പെൻഷൻ ഫണ്ട് നടപ്പിലാക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് നിലവിലെ പെൻഷൻ രീതി തന്നെ തുടരും. സർവകലാശാലാ ജീവനക്കാരുമായും അധ്യാപകരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
സർവകലാശാലകൾക്ക് പ്രതിമാസം സർക്കാർ അനുവദിക്കുന്ന നോൺ പ്ലാൻ ഗ്രാന്റിൽ നിന്നാണ് വിരമിച്ച ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകിവന്നിരുന്നത്. എന്നാൽ ഇനി മുതൽ സർവകലാശാലകൾ പുതുതായി രൂപീകരിക്കുന്ന പെൻഷൻ ഫണ്ടിൽ നിന്നാവണം എല്ലാ ആനുകൂല്യങ്ങളും നൽകേണ്ടതെന്നായിരുന്നു പുതിയ ഉത്തരവ്. തീരുമാനത്തിന് പിന്നാലെ തന്നെ സർവകലാശാല ജീവനക്കാരും പെൻഷനേഴ്സും ഉത്തരവിനെതിരെ രംഗത്ത് വന്നു. ആഭ്യന്തര വരുമാനത്തിലുണ്ടായ കുറവും ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണത്തിലുണ്ടായ വർധനവും മൂലം സർവകലാശാലകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിന്റെ കൂടെ പെൻഷൻ ഫണ്ട് കൂടി വന്നാൽ അത് ഇരട്ടി ബാധ്യത ആകുമെന്നായിരുന്നു ജീവനക്കാരുടെ വാദം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. ചർച്ചക്കൊടുവിൽ നിലവിലെ പെൻഷൻ രീതി തന്നെ തുടരുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സർവകലാശാലകളിൽ പെൻഷൻ ഫണ്ട് രൂപീകരിക്കുന്ന കാര്യം പുനപ്പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.