Kerala
സർവകലാശാലാ പരിഷ്‌കരണത്തിനൊരുങ്ങി സർക്കാർ; ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും
Kerala

സർവകലാശാലാ പരിഷ്‌കരണത്തിനൊരുങ്ങി സർക്കാർ; ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

Web Desk
|
8 Aug 2022 1:41 AM GMT

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പരിഷ്കാരങ്ങള്‍ക്കുള്ള നിയമനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സർവകലാശാലാ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനൊരുങ്ങി സർക്കാർ. പ്രാരംഭ നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി സർവകലാശാലാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഈ മാസം 9, 10 തീയതികളിലാണ് യോഗം ചേരുക. യോഗത്തിൽ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിനുവേണ്ടി സർക്കാർ നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് രണ്ട് ദിവസങ്ങളിലായി മൂന്ന് പരിഷ്‌കരണ കമ്മീഷൻ ചെയർമാൻമാരും റിപ്പോർട്ടുകൾ അവതരിപ്പിക്കും. റിപ്പോർട്ടുകളിന്മേലുള്ള ചർച്ചയ്ക്ക് ശേഷം സർവ്വകലാശാലാ പ്രതിനിധികൾ പങ്കെടുക്കുന്ന സർവ്വകലാശാലാതല ചർച്ചയും നടക്കും.

വൈസ് ചാൻസലർമാർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ സർവ്വകലാശാലാ പ്രതിനിധികളായി പങ്കെടുക്കണം. ഒൻപതാം തീയതി തന്നെ വിദ്യാർഥി സംഘടനകളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തും. ആന്തരിക മൂല്യനിർണയ അനുപാതത്തിലെ മാറ്റം, കരിക്കുലം സിലബസിലെ പരിഷ്‌കരണം എന്നിവയും അഭിപ്രായ സമവായം വേണ്ട മറ്റു വിഷയങ്ങളും സർവ്വകലാശാലാതല യോഗത്തിൽ ചർച്ചയാകും. വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങളാണ് വിദ്യാർഥി സംഘടനകളുമായുള്ള ചർച്ചയിലെ അജണ്ട.

അതേസമയം 12ആം തീയതി അധ്യാപക സംഘടനകളുമായുള്ള മന്ത്രിയുടെ യോഗം തൃശൂരിൽ നടക്കും. പരിഷ്‌കാരങ്ങളുടെ നിർവഹണ മേൽനോട്ടത്തിനായി പ്രത്യേക സെൽ രൂപീകരിച്ചിരുന്നു. പ്രവർത്തനങ്ങളുടെ പുരോഗതി ഈ സെൽ മുഖേന നേരിട്ട് സർക്കാരിനെ അറിയിക്കണം. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ കമ്മീഷൻ, സർവ്വകലാശാലാ നിയമപരിഷ്‌കരണ കമ്മീഷൻ, പരീക്ഷാപരിഷ്‌കരണ കമ്മീഷൻ എന്നിങ്ങനെ മൂന്ന് കമ്മീഷനുകളെയാണ് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. വിവിധ തലങ്ങളിലായി ചർച്ചകൾ പൂർത്തിയാക്കി പരിഷ്‌കാരങ്ങൾക്കുള്ള നിയമനിർമാണം വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം.

Related Tags :
Similar Posts