'അനാവശ്യ പിഴ'; ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ ജാമ്യമില്ലാ കേസ്
|പെണ്‍കുട്ടിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്
കൊല്ലം ചടയമംഗലത്ത് പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്. ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നൽകിയതിന്‍റെ പേരിലായിരുന്നു പെൺകുട്ടിയും പൊലീസുകാരനും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടത്.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്ക് എത്തിയത്. പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നത് കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുളളയാള്‍ മറുപടി പറഞ്ഞപ്പോള്‍ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ. സാമൂഹീക അകലം പാലിച്ചില്ലെന്നാണ് കുറ്റം. ഇത് ചോദ്യം ചെയ്തതോടെ പെൺകുട്ടിയും ചടയമംഗലം പൊലീസും തമ്മിൽ നീണ്ട തർക്കം ഉണ്ടായി.
ഇതിന് പിന്നാലെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരിൽ പെൺകുട്ടിക്ക് എതിരെ കേസ്. അതേസമയം പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് പെൺകുട്ടി പരാതി നല്‍കി. പെൺകുട്ടിയുടെ പരാതിയിൽ റൂറൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.