പാലക്കാട് നടന്നത് നാടകീയ രംഗങ്ങൾ; പരിശോധനക്ക് പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്, പണം മാറ്റിയെന്ന് സിപിഎം
|ഹോട്ടലിന് മുന്നിൽ സിപിഎം, ബിജെപി പ്രവർത്തകർ ഒരുമിച്ചെത്തിയതും പ്രതിഷേധിച്ചതിലും പിന്നിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു
പാലക്കാട്: പരിശോധനക്കിടെ അർധരാത്രി പാലക്കാട് നടന്നത് നാടകീയ രംഗങ്ങളായിരുന്നു.പരിശോധനക്ക് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. പണം മാറ്റിയെന്ന് സിപിഎമ്മും ആരോപണം ഉയർത്തി. ഹോട്ടലിന് മുന്നിൽ സിപിഎം, ബിജെപി പ്രവർത്തകർ ഒരുമിച്ചെത്തിയതും പ്രതിഷേധിച്ചതിലും പിന്നിൽ അസാധാരണതയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
രാത്രി 12 മണിയോടെയാണ് പൊലീസ് പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തുന്നത്. വനിതാ ഉദ്യോഗസ്ഥരില്ലാതെ റൂമിലേക്ക് പൊലീസിനെ പ്രവേശിപ്പിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. എല്ലാറൂമുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി പ്രവർത്തകരും നേതാക്കളും പ്രതിഷേധിച്ചു. കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ വലിയ സംഘർഷാവസ്ഥയുണ്ടായി. സ്ഥലത്തെത്തിയ ഷാഫി പറമ്പിൽ , വി.കെ.ശ്രീകണ്ഠൻ തുടങ്ങിയ നേതാക്കൾ അകത്തേക്ക് കയറുന്നതും തടഞ്ഞു. ഇതിന് പിന്നാലെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി.
പൊലീസെത്തിയ ഉടൻ പരിശോധിച്ചത് ഗ്രൗണ്ട് േഫ്ലാറിലെ 1005 എന്ന റൂമിലാണ്. അവിടെ ഷാനിമോൾ ഉസ്മാനായിരുന്നു ഉണ്ടായിരുന്നത്. വാതിലിൽ മുട്ടിയെങ്കിലും അവർ തുറന്നില്ല. തുടർന്ന് മുകളിലെ മുറിയിൽ കയറുന്നു. തൊട്ടുപിന്നാലെ മറ്റൊരു മുറിയിൽ പരിശോധന നടത്തി. അവിടെ ബിജെപി പ്രവർത്തകനായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് തൊട്ടടുത്തുള്ള മുറികളൊന്നും പരിശോധിക്കാതെ ചില മുറികൾ തിരഞ്ഞ് പിടിച്ച് പരിശോധന നടത്തുന്ന രീതിയിലായിരുന്നു പൊലീസ്. പിന്നാലെ പൊലീസ് പരിശോധന നടത്തിയത് ബിന്ദുകൃഷ്ണയും ഭർത്താവും താമസിക്കുന്ന മുറിയിലാണ് പരിശോധന നടത്തി. സിപിഎം പ്രവർത്തകരുടെ മുറികളിലും പരിശോധാനനടത്തിയെങ്കിലും പൊലീസ് ലക്ഷ്യംവെച്ചത് കോൺഗ്രസ് നേതാക്കളുടെ മുറികളെന്നത് വ്യക്തമായിരുന്നു. ഒടുവിൽ വനിതാ പൊലീസെത്തിയ ശേഷമാണ് ഷാനിമോൾ ഉസ്മാന്റെ മുറി പരിശോധിക്കാൻ അവർ അനുവദിച്ചത്. മുറികളെല്ലാം പരിശോധിച്ചെങ്കിലും എവിടെനിന്നും ഒന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.