ഉരുൾ ദുരന്തം: ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം; ബാങ്കേഴ്സ് സമിതിയോട് മുഖ്യമന്ത്രി
|സർക്കാർ ധനസഹായത്തിൽ നിന്ന് ഇ.എം.ഐ ഈടാക്കിയ ഗ്രാമീൺ ബാങ്ക് നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ബാങ്കേഴ്സ് സമിതിക്കു മുന്നിൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് താമസിച്ചിരുന്നതിൽ ഭൂരിഭാഗവും കർഷകരാണെന്നും വായ്പയെടുത്ത വാഹനങ്ങളും മൃഗങ്ങളും ദുരന്തത്തിൽ നഷ്ടമായെന്നും അതിനാലാണ് വായ്പകൾ എഴുതി തള്ളാനുള്ള തീരുമാനം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു പല ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥാണ്. സാധാരണരീതിയിൽ വായ്പ ഒഴിവാക്കുമ്പോൾ ആ തുക സർക്കാർ നൽകുന്നതാണ് പതിവ്. എന്നാൽ ആ നടപടിയും ബാങ്കേഴ്സ് സമിതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാടിന്റെ പുനരധിവാസത്തിന് രാജ്യവും ലോകവും ഒപ്പം നിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്ന് ഇ.എം.ഐ ഈടാക്കിയ ഗ്രാമീൺ ബാങ്ക് നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. ഇങ്ങനെയൊരു ഘട്ടത്തിൽ യാന്ത്രികമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് അടിയന്തര സഹായമായി നൽകിയ തുകയാണ് ബാങ്ക് ഈടാക്കിയത്.