വ്യാജ ഡീസല്‍ ഉപയോഗം; കര്‍ശന നടപടിക്ക് ഗതാഗത മന്ത്രിയുടെ നിര്‍ദേശം
|വിഷയം ചര്‍ച്ച ചെയ്യാനായി എണ്ണക്കമ്പനിപ്രതിനിധികളുടെ യോഗവും മന്ത്രി വിളിച്ചു. വ്യാജ ഡീസല്‍ ഉപയോഗത്തെക്കുറിച്ചുള്ള മീഡിയാവണ്‍ വാര്‍ത്താ പരമ്പരയെത്തുടര്‍ന്നാണ് നടപടി
വ്യാജ ഡീസല്‍ ഉപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ നിര്‍ദേശം. ഈ വിഷയം ചര്‍ച്ച ചെയ്യാനായി അടുത്ത മാസം ആദ്യം എണ്ണക്കമ്പനിപ്രതിനിധികളുടെ യോഗവും മന്ത്രി വിളിച്ചു. വ്യാജ ഡീസല്‍ ഉപയോഗത്തെക്കുറിച്ചുള്ള മീഡിയാവണ്‍ വാര്‍ത്താ പരമ്പരയെത്തുടര്‍ന്നാണ് നടപടി.
സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ നിറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു മീഡിയാവണ്‍ വാര്‍ത്ത നല്‍കിയത്. ഇതിനു പിന്നാലെ പോലീസും മോട്ടോര്‍വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ ചില ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് നടപടി കര്‍ശനമാക്കുന്നത്.
വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്ന വാഹനങ്ങളില്‍ അടിയന്തിരമായി പരിശോധന നടത്താന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു നിര്‍ദേശം നല്‍കി. പോലീസുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കണം. വ്യവസായ ആവശ്യത്തിനായുള്ള ലൈറ്റ് ഡീസല്‍, മായം ചേര്‍ന്ന മറ്റ് ഇന്ധനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് വലിയ അപകടങ്ങള്‍ വരുത്തി വെക്കും.ഇതിനു പുറമേ മലിനീകരണത്തിനും ഇവ കാരണമാകുന്നുതിനാല്‍ വിഷയം ഗൌരവമായി കാണുമെന്നും മന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വ്യാജ ഡീസല്‍ ഉപയോഗം തടയുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.