പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കൊടുംക്രൂരത; ഉത്ര വധക്കേസില്‍ വിധി ഇന്ന്
|ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊല്ലം ഉത് വധക്കേസിൽ വിധി ഇന്ന്. ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
സമാനതകൾ ഇല്ലാത്ത കേസിലാണ് ഇന്ന് വിധി പറയുന്നത്. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്. പൊലീസ് വിദ്യാർഥികൾക്കുള്ള സിലബസിൽ പോലും ഇടം പിടിച്ച അന്വേഷണമാണ് ഉത്ര കേസിന്‍റേത്.
കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പു സാക്ഷിയാണ്.