'മുസ്ലിം സ്ത്രീകൾക്ക് നേരേ പാർലമെന്റിന്റെ വാതിൽ കൊട്ടിയടക്കുകയാണ്'; വനിതാ സംവരണ ബില്ലിനെ എതിർത്ത് ഉവൈസി
|നെഹ്റുവിനെയും പട്ടേലിനെയും കുറിച്ചുള്ള ഉവൈസിയുടെ പരാമർശം സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു
ഡൽഹി: ലോക്സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ ഹൈദരാബാദ് എം.പിയും ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി. ബില്ലിൽ ഒബിസി- മുസ്ലിം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിർത്തത്. മുസ്ലിം വിഭാഗത്തിലെ സ്ത്രീകൾക്ക് നേരേ പാർലമെന്റിന്റെ വാതിൽ കൊട്ടിയടക്കുകയാണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് വനിതാ ബില്ലെന്നും ഉവൈസി പറഞ്ഞു. നെഹ്റുവിനെയും പട്ടേലിനെയും കുറിച്ചുള്ള ഒവൈസിയുടെ പരാമർശം സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാ ഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.
പുതിയ വനിതാ സംവരണ ബിൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡല പുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ.
വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്.