'മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെ ഓശാരം ആവശ്യമില്ല, വേണ്ടിവന്നാൽ നിന്റെ വീട്ടിലും കയറും'; കെ.എം ഷാജിക്ക് വി. അബ്ദുറഹ്മാന്റെ മറുപടി
|ലീഗിൽ വളർന്നുവരുന്ന തീവ്രവാദി വിഭാഗത്തിന്റെ നേതാവാണ് ഷാജിയെന്നും മന്ത്രി ആരോപിച്ചു.
താനൂർ: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി.അബ്ദുറഹ്മാൻ. മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ ഷാജിയുടേയോ അദ്ദേഹത്തിന്റെ കാരണവൻമാരുടേയോ അനുവാദം വേണ്ടെന്ന് മന്ത്രി പറഞ്ഞു. മാറാട് കലാപം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയായ എ.കെ ആന്റണിക്കൊപ്പം പോയ പി.കെ കുഞ്ഞാലിക്കുട്ടിയെ ആർ.എസ്.എസുകാർ തടഞ്ഞു മടക്കി അയച്ചപ്പോൾ എളമരം കരീം അടക്കമുള്ള മുസ്‌ലിം എം.പിമാരെയും കൊണ്ട് മാറാട് സന്ദർശിച്ച നേതാവാണ് പിണറായി വിജയനെന്നും മന്ത്രി പറഞ്ഞു. ലീഗിൽ വളർന്നുവരുന്ന തീവ്രവാദി വിഭാഗത്തിന്റെ നേതാവാണ് ഷാജിയെന്നും അദ്ദേഹം ആരോപിച്ചു.
''മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ നിന്റെയെന്നല്ല നിന്റെ കാരണവൻമാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കിൽ നിന്റെ വീട്ടിൽ പോലും ഞങ്ങൾ കടന്നുകയറും. ഇത് കെ.എം ഷാജി ഓർക്കുന്നത് നല്ലതാണ്. രണ്ടു തവണ നിങ്ങളെ തോൽപ്പിച്ചാണ് താനൂരിൽനിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോൽപ്പിച്ചാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗമായിരിക്കുന്നത്''-മന്ത്രി പറഞ്ഞു.
പൂരപ്പുഴയിലെ ബോട്ടപകടത്തിന് ശേഷം താനൂർ സന്ദർശിച്ച ഷാജി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ബോട്ടപകടത്തിന് ശേഷം മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്നും ദുർബലതയല്ലെന്നുമായിരുന്നു ഷാജിയുടെ പരാമർശം.