'തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെ കാണുന്നു'; വി.ഡി. സതീശൻ
|മുതലപ്പൊഴിയെ വീണ്ടും മരണപ്പൊഴിയാക്കി മാറ്റുന്നത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തിരുവനന്തപുരം: തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെ പോലെയാണ് സർക്കാർ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം സമരകാലത്ത് ആർച്ച് ബിഷപ്പിനെതിരെ എടുത്ത കേസ് പോലും സർക്കാർ പിൻവലിച്ചിട്ടില്ല. മുതലപ്പൊഴിയെ വീണ്ടും മരണപ്പൊഴിയാക്കി മാറ്റുന്നത് സർക്കാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യൂജിൻ പെരേരയ്ക്ക് എതിരെ കേസ് എടുത്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും തീരദേശ ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും വി.ഡി. സതീശൻ പറഞ്ഞു. തീരദേശ ജനത വൈകാരികമായി പ്രതികരിക്കും അതിൻ്റെ പേരിൽ മന്ത്രിമാർ പ്രകോപനം സൃഷ്ടിക്കരുത്. സ്വാന്തനത്തിൻ്റെ വാക്കുകൾക്ക് പകരം പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയാണ് മന്ത്രിമാർ ചെയ്തത്.
പ്രതിഷേധത്തിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ടാവും. അതിൽ കോൺഗ്രസുകാരും ഉൾപ്പെടും. മുതലപ്പൊഴിയിൽ മന്ത്രിമാർ എത്തിയപ്പോൾ പ്രതിഷേധിച്ചത് കോൺഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജുവിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. മുതലപ്പുഴിയിൽ നടന്നത് രാഷ്ട്രീയ പ്രതിഷേധമല്ല. തീരദേശ ജനതയുടെ വികാരമാണ് കണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.