'അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ'; എഐ കാമറ ഇടപാടിൽ വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്ന് വി.ഡി സതീശൻ
|'മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിത്'
തിരുവനന്തപുരം: എ.ഐ കാമറ പദ്ധതിക്കായി വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെൽട്രോൺ അറിയാതെയാണ് എസ്.ആർ.ഐ.ടി സർവീസ് കരാർ ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടന്ന അഴിമതിയാണിതെന്നും മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിതെന്നും വി.ഡി സതീശൻ പറഞ്ഞു.
പരമാവധി 80 കോടി ചെലവഴിക്കേണ്ട പദ്ധതിക്ക് 235 കോടി എസ്റ്റിമേറ്റ് കെല്‍ട്രോണ്‍ തയ്യാറാക്കിയത് അഴിമതിക്ക് വേണ്ടിയാണ്. എസ്.ആര്‍ഐടി ഉപകരാര്‍ നല്‍കിയ ഇ സെന്‍ട്രിക് ഇതുവരെ നല്‍കിയത് 66 കോടിയുടെ ബില്ലുകള്‍ മാത്രമാണെന്നത് അഴിമതിക്ക് തെളിവാണെന്നും സതീശന്‍ ആരോപിച്ചു. എസ്ആര്‍ഐടിയും കെല്‍ട്രോണും ചേര്‍ന്നുള്ള എഗ്രിമെന്‍റില്‍ ഉപകരാര്‍ പാടില്ലെന്ന ടെണ്ടര്‍ ഡോക്യുമെന്‍റിലെ വ്യവസ്ഥകള്‍ അട്ടിമറിച്ചു. തുടര്‍ന്ന് കെല്‍ട്രോണ്‍ പോലും അറിയാതെ ഇ സെന്‍ട്രികിനെ എല്ലാ പ്രവര്‍ത്തികളും ചെയ്യാന്‍ എസ്ആര്‍ഐടി ചുമതലപ്പെടുത്തി. പത്ത് ദിവസത്തിന് ശേഷം അറിയിച്ചപ്പോഴും കരാര്‍ റദ്ദാക്കാന്‍ കെല്‍ട്രോണ്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഇ സെന്‍ട്രിക് സമര്‍പ്പിച്ച ബില്ലുകള്‍ ചൂണ്ടികാട്ടിയാണ് എസ്റ്റിമേറ്റില്‍ തുക ഉയര്‍ത്തിവെച്ച് തട്ടിപ്പിന് കെല്‍ട്രോണ്‍ സഹായം ചെയ്തുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നത്. കരാര്‍ പ്രകാരം കാമറ പൊതുസ്വത്താണോ അതോ കമ്പനിയുടെ സ്വകാര്യ സ്വത്താണോയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു
എ.ഐ കാമറ ഇടപാടിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. മറുപടി പറയാതെയുള്ള സർക്കാർ ഒളിച്ചുകളി തുടരുകയാണെന്നാണ് ആരോപണം. ഉപകരാർ നേടിയ പ്രസാഡിയോ കമ്പനിയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ പ്രതിപക്ഷ നീക്കം.
എഐ കാമാ ഇടപാടിൽ എസ്ആർഐടിയിൽ നിന്ന് ഉപകരാർ എടുത്ത സ്ഥാപനമാണ് പ്രസിഡിയോ. ഉപകരാർ പാടില്ലെന്ന ടെണ്ടർ വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടും സർക്കാർ മൗനം പാലിച്ചതിലെ ദുരൂഹതയിലൂന്നിയാണ് ഇപ്പോഴത്തെ പ്രതിപക്ഷ ആരോപണത്തിന്റെ കുന്തമുന. ഈ കമ്പനിക്ക് മുഖ്യമന്ത്രിയുടെ അടുത്ത ആളുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പ്രതിപക്ഷം പ്രസാഡിയോയ്ക്ക് ഊരാളുങ്കലിന്റേതടക്കമുള്ള ഉപകരാറുകൾ സ്ഥിരമായി ലഭിക്കുന്നതായും ചൂണ്ടികാണിക്കുന്നു.
ഇതിലൂടെ മുഖ്യമന്ത്രിക്ക് ഒപ്പം സി.പി.എം കൂടി മറുപടി പറയുന്നതിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷ നീക്കം. ടെണ്ടറിൽ പങ്കെടുക്കാൻ യോഗ്യത നേടിയ അശോകയ്ക്കും എസ്ആർഐടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തിനായി. ഇതോടെ എഐ കാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് മേൽകൈ ലഭിച്ചു. ഒരു ഭാഗത്ത് വ്യവസായ സെക്രട്ടറിയുടെ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇടപാടിലെ സംശയം മോട്ടോർ വാഹന വകുപ്പിന് പോലും തീരുന്നില്ല. കെൽട്രോണിനോട് വിശദീകരണം തേടി കാത്തിരിപ്പിലാണ് മന്ത്രിയും മോട്ടോർ വാഹന വകുപ്പും. ഒരു ഭാഗത്ത് ആരോപണങ്ങളുടെ നിഴലിൽ പ്രതിപക്ഷം നിർത്തുമ്പോഴും വിവാദത്തിന്റെ ആദ്യ ഘട്ടത്തിൽ വ്യവസായ മന്ത്രി നടത്തിയ വിശദീകരണത്തിനപ്പുറം ഒന്നും പറയാൻ സർക്കാരിനായിട്ടില്ല. സർക്കാർ പരുങ്ങലിലായതോടെ ഓരോ ദിവസവും ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം.