'പെട്രോൾ ഡീസൽ വില കുറച്ചു..!' മുരളീധരന്റെ പഴയ പോസ്റ്റിൽ പൊങ്കാലയുമായി ട്രോളന്മാർ
|ഈ കെട്ടകാലത്ത് സാധാരണക്കാർക്ക് അതൊരു വലിയ ആശ്വാസമാകും ജീ യെന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയായി എത്തുന്നത്..!
പെട്രോൾ ഡീസൽ വില കുറച്ചുവെന്ന് അവകാശപ്പെട്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഇട്ട പഴയ പോസ്റ്റ് കുത്തിപ്പൊക്കി ട്രോളന്മാർ. മുംബൈ അടക്കമുള്ള മെട്രോസിറ്റികളിൽ പെട്രോൾ വില നൂറു കടന്ന പശ്ചാത്തലത്തിലാണ് ട്രോളന്മാർ മുരളീധരന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാല ഇടുന്നത്.
ഒന്നാം നരേന്ദ്ര മോദി ഗവൺമെൻറ് രാജ്യത്ത് അധികാരത്തിൽ വന്ന സമയത്താണ് വി മുരളീധരൻ പെട്രോൾ ഡീസൽ വില കുറച്ചുവെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ് ഇടുന്നത്. 2014 നവംബർ 30നാണ് മുരളീധരൻ ഈ പോസ്റ്റ് ഇടുന്നത്.
'പെട്രോൾ 91 പൈസ, ഡീസൽ 84 പൈസയും വിണ്ടും വില കുറച്ചു..അണിചേരു ബിജെപിയില്‍ അംഗമാകാന്‍ മൊബൈല്‍ നിന്നും ഡയല് ചെയൂ..1800-266-2020' ഇങ്ങനെയാണ് മുരളീധരൻ ഫേസ്ബുക്കിൽ അന്ന് പോസ്റ്റ് ചെയ്തത്. എന്നാൽ പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസഹമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി കമന്റ് ബോക്സിൽ പൊങ്കാലയിടുകയാണ് മലയാളികൾ.
ഈ കെട്ടകാലത്ത് സാധാരണക്കാർക്ക് അതൊരു വലിയ ആശ്വാസമാകും ജീ യെന്നടക്കമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയായി എത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞതിന്റെ ഒരംശം മാത്രമാണ് ഇവിടെ കൂടിയതെന്നും ആളുകൾ കമന്റ് പാസാക്കുന്നുണ്ട്.