മടിയിൽ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ: വി. മുരളീധരന്‍
|ഭയമുണ്ടെങ്കിൽ പിണറായി വീട്ടിൽ ഇരിക്കണമെന്ന് വി മുരളീധരൻ
മടിയിൽ കനമുണ്ടെന്ന് തോന്നിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് പിണറായിക്ക്. മുഖ്യമന്ത്രിയുടെ സുരക്ഷകൊണ്ട് സാധാരണക്കാർക്ക് പോലും വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഭയമുണ്ടെങ്കിൽ പിണറായി വീട്ടിൽ ഇരിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.ജി.ഒ.എയുടെ പരിപാടി നടക്കുന്ന ഹാളിന് മുന്നിൽ സുരക്ഷയുടെ ഭാഗമായി കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഇതുവഴിയുള്ള ഗാതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് കറുത്ത മാസ്ക് വെയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്ക് ഏർപ്പെടുത്തി.
നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചുപേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തുപേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടുപേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.
ഇന്ന് കോട്ടയത്ത് നടക്കുന്ന കെ.ജി.ഒ.എയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പരിപാടിക്കെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം പാസ് വേണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്കർഷിച്ചിട്ടുണ്ട്.