വിഎസിന്റെ പിറന്നാള്‍ ചിത്രങ്ങള്‍ ഇതാ...
|മകന് അരുണ്‍ കുമാറാണ് വിഎസിന്റെ ജന്മദിന ചിത്രങ്ങള്‍ പങ്കുവെച്ചത്
വി.എസ് അച്യുതാനന്ദന്റെ 99ആം ജന്മദിനത്തില് പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മകന് വി.എ അരുണ്‍ കുമാര്‍. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
അരുണിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ്. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് ഡോക്ടര്‍മാര്‍ കര്‍ശന നിയന്ത്രണം നിര്‍ദേശിച്ചിരുന്നു. അതിനാല്‍ ഇത്തവണ വിപുലമായ ജന്മദിനാഘോഷങ്ങള് ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വിഎസിന് ജന്മദിനാശംസകള് നേര്‍ന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വിഎസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് പിണറായി ഫേസ് ബുക്കില്‍ കുറിച്ചത്. ആലപ്പുഴ പുന്നപ്രയിൽ ജി സുധാകരന്റെ നേതൃത്വത്തിൽ പായസം വിതരണം ചെയ്താണ് വിഎസിന്റെ പിറന്നാൾ ആഘോഷിച്ചത്.
'കണ്ണേ കരളേ വിഎസേ'..
കണ്ണേ കരളേ വിഎസേ എന്നാര്‍ത്തലച്ച മുദ്രാവാക്യത്തിന്റെ കരുത്തില്‍, കമ്യൂണിസ്റ്റ് പാർട്ടിയുടെ കാര്‍ക്കശ്യ മതിലുകളെ പൊളിച്ചുവീഴ്ത്തിയ നേതാവാണ് വിഎസ്. വിഎസ് എന്ന രണ്ടക്ഷരത്തിനൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ തീയോര്‍മകളെയാണ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കനലുപൊള്ളുന്ന ചരിത്രസ്ഥലികളിലേക്ക് നീണ്ടുകിടക്കുന്നു ആ പേര്. 1923ല്‍ ആലപ്പുഴയില്‍ ജനിച്ച് ഇന്ന് 99 വയസ് പൂര്‍ത്തിയാക്കുമ്പോള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്ത സമരചരിത്രം വിഎസ് സൃഷ്ടിച്ചിട്ടുണ്ട്
പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന് തോന്നിയപ്പോഴെല്ലാം ഇതല്ല എന്റെ പ്രസ്ഥാനമെന്ന് പറയാതെ പറഞ്ഞു വിഎസ്. ചന്ദ്രശേഖരന്റെ പ്രിയപത്നിയെ കണ്ട് നെഞ്ചുപൊട്ടി നില്ക്കുന്ന വിഎസിനെ കേരളം ഓര്‍ക്കുന്നത് മാപ്പിരക്കുന്ന മാര്‍ക്സിസ്റ്റിന്റെ രൂപത്തിലാണ്. സകല സ്ത്രീപീഡകരെയും കയ്യാമവുമായി തെരുവിലൂടെ നടത്തിക്കുമെന്ന് വിളിച്ചുപറഞ്ഞ വിഎസില്‍, വിമോചനത്തിന്റെ ശബ്ദം കേട്ടു, സ്ത്രീസമൂഹം.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് മൂവ്മെന്റിന്റെ സമര കലുഷമായ വഴിത്താരകളിലെ താഴാത്ത കൊടിയാണ് വിഎസ്. നൂറാണ്ടിന്റെ വാര്‍ധക്യാവശതകള്‍ പിടിച്ചുലയ്ക്കുന്നെങ്കിലും ജാഗ്രതയുള്ളൊരു കണ്ണുമായി വിഎസ് ഉണര്‍ന്നിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് മലയാളിക്കിഷ്ടം.