വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് വി.ശിവന്‍കുട്ടി
|എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക
സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും.
ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുക. അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരണ്ട. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും ശിവന്‍കുട്ടി പറഞ്ഞു.
നീണ്ട ഇടവേളക്കു ശേഷം നവംബര്‍ 1നാണ് കേരളത്തിലെ സ്കൂളുകള്‍ തുറക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള 'തിരികെ സ്‌കൂളിലേക്ക്' മാര്‍ഗരേഖ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. കുട്ടികൾക്ക് സ്കൂളിൽ വരാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണം. ഓട്ടോറിക്ഷയില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണെന്നും നിര്‍ദേശമുണ്ട്.