18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല
|കൂടുതൽ വാക്സിൻ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്സിൻ നൽകേണ്ടന്നാണ് സർക്കാർ തീരുമാനം.
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംസ്ഥാനത്ത് ഇന്ന് ആരംഭിക്കില്ല. കൂടുതൽ വാക്സിൻ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്സിൻ നൽകേണ്ടന്നാണ് സർക്കാർ തീരുമാനം. വാക്സിൻ ക്ഷാമത്തെ തുടർന്ന് വിവിധ ജില്ലകളിൽ ഇന്നും വാക്സിൻ മുടങ്ങിയേക്കും. അതേസമയം സ്വകാര്യ ആശുപത്രികളക്കം 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്ക് നീക്കിവെക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കി.
രാജ്യത്ത് ഇന്ന് മുതൽ 18 വയസിനും 45 വയസിനും ഇടയിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കുമെങ്കിലും കേരളത്തിൽ തുടങ്ങില്ല. 45 വയസിന് മുകളിൽ ഉള്ളവർക്ക് നൽകാനുള്ള വാക്സിനാണ് ഇതുവരെ ലഭിച്ചത്.അതുപോലും എല്ലാ ജില്ലകളിലും വിതരണം ചെയ്യാനില്ല. രണ്ടാം ഡോസ് എടുക്കാനായി രജിസ്റ്റർ ചെയ്തവർക്ക് നൽകാനും വാക്സിൻ ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വാക്സിൻ അനുവദിക്കാതെ മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കേണ്ട എന്നാണ് തീരുമാനം.
വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും ഇന്ന് വാക്സിനേഷൻ മുടങ്ങും. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ലഭ്യമായ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സക്ക് നീക്കിവെക്കാൻ നിർദ്ദേശിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് ഇറക്കി. മാറ്റി വെക്കുന്ന കിടക്കകളുടെ നേർപകുതിയിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്ന രോഗികളെ പ്രവേശിപ്പിക്കണമെന്നാണ് നിർദേശം.