വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
|ഇതാദ്യമായാണ് കേസില്‍ ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്
തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. കൊച്ചി സിബിഐ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ ആറ് മണിക്കൂര്‍ നീണ്ടു. ഇതാദ്യമായാണ് കേസില്‍ ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സമയം വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കവേ പദ്ധതിക്കായി ലഭിച്ച തുകയിൽ നിന്ന് ഒരു ഭാഗം കോഴയായി മാറ്റി എന്ന ആരോപണത്തിന്റെ പുറത്താണ് സിബിഐ ശിവശങ്കറെ ചോദ്യം ചെയ്തത്. പ്രധാനമായും കേസുമായി ബന്ധപ്പെട്ട ചില പ്രതികൾ കോഴ ഇടപാട് നടന്നത് ശിവശങ്കറിന്റെ നേതൃത്വത്തിലാണ് എന്ന് മൊഴി നൽകിയിരുന്നു. ഇത് കൂടാതെ കസ്റ്റംസിന്റെ കുറ്റപത്രത്തിലും ശിവശങ്കറിനെതിരെ പരാമർശമുണ്ടായിരുന്നു.
കരാർ യൂണിറ്റ് കമ്പനിക്ക് നൽകിയതിന് ഇടനിലക്കാരനായത് ശിവശങ്കറാണെന്നും ഈ ഇടപാടിൽ ശിവശങ്കറിന് ലഭിച്ച തുകയാണ് സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തതെന്നുമായിരുന്നു കസ്റ്റംസിന്റെ ആരോപണം. ഈ കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. നേരത്തേ സ്വപ്‌ന സുരേഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു