വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് ശരാശരി 84 കിലോമീറ്റർ വേഗതയിൽ; അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
|കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മമെന്റ് ആർടിഒ ഇന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് അന്തിമ റിപ്പോർട്ട് നൽകും. ശരാശരി 84 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസിന്റെ യാത്ര. അപകടം നടക്കുമ്പോൾ ബസിന് 97 കിലോമീറ്റർ വേഗതയുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ബസ് ഡ്രൈവറെയും ഉടമയെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
വടക്കഞ്ചേരിയിൽ വിദ്യാർഥികളുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുവിദ്യാർഥികളും ഒരു അധ്യാപകനുമടക്കം ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ മൂന്നുപേർ കെ.എസ്.ആർ.ടി.സി യാത്രക്കാരായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറെയും ഉടമയെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ബസ് ഡ്രൈവർ ജോമോനെയും ബസ് ഉടമ അരുണിനെയും റിമാൻഡ് ചെയ്തത്. ജോമോനെ ആശുപത്രിയിൽ നിന്നും രക്ഷപെടാൻ സഹായിച്ചവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
അതേസമയം, സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള ഓപ്പറേഷൻ ഫോക്കസ് ത്രീ പരിശോധന തുടരുന്നു. ഇന്നലെ 134 ബസുകൾക്കെതിരെ ആണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത് . രണ്ട് ലക്ഷത്തി പതിനാറായിരം രൂപ പിഴ ചുമത്തി. നിയമവിരുദ്ധ രൂപമാറ്റം, അമിതവേഗത എന്നിവയ്ക്ക് ഫിറ്റ്‌നസ് റദ്ദു ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദേശം. സ്‌കൂളുകളിലെയും കോളജുകളിലെയും രാത്രികാല വിനോദ യാത്രകൾ നിരോധിക്കണമെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ഗതാഗത കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് ഉത്തരവ്.