വടക്കഞ്ചേരി അപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
|കോടതി നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു.
കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപകടത്തിന്റെ വീഡിയോ ദൃശ്യം കോടതി കണ്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു.
ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടുച്ചുകയറി ഒമ്പതുപേർ മരിച്ചത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. 50 ഓളം ആളുകളാണ് കെഎസ്ആർടിസി ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.