Kerala
വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; പ്രാഥമിക റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് കൈമാറി
Kerala

വടക്കഞ്ചേരി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ; പ്രാഥമിക റിപ്പോർട്ട് ഗതാഗതമന്ത്രിക്ക് കൈമാറി

ijas
|
7 Oct 2022 2:52 AM GMT

ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്‍റണി രാജുവിന് നല്‍കിയ പ്രാഥമിക റിപ്പോർട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

വടക്കഞ്ചേരി അപകടത്തിൽ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. ജോമോൻ ആശുപത്രിയിൽ നിന്നും മുങ്ങിയ സംഭവം, ജോമോൻ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക.

ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവും. നിയമവിരുദ്ധമായി ബൂഫറുകൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സ്പീഡ് ഗവർണർ ഇല്ലാത്ത വാഹനങ്ങൾക്ക് എതിരായ നടപടിയുമെല്ലാം മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചേർക്കുക.

Similar Posts