വടക്കഞ്ചേരി വാഹനാപകടം: ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
|ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഡ്രൈവർ ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്.
പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽ വച്ച് പൊലീസ് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
വടക്കഞ്ചേരി അപകടത്തിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. ജോമോൻ ആശുപത്രിയിൽ നിന്നും മുങ്ങിയ സംഭവം, ജോമോൻ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളായിരിക്കും പൊലീസ് അന്വേഷിക്കുക.
ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്നതും, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവും. നിയമവിരുദ്ധമായി ബൂഫറുകൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ കണ്ടെത്തി നടപടി എടുക്കുന്നതിനും സ്പീഡ് ഗവർണർ ഇല്ലാത്ത വാഹനങ്ങൾക്ക് എതിരായ നടയുമെല്ലാം മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും കൂടുതൽ വകുപ്പുകൾ ചേർക്കുക.