Kerala
കാഫിർ സ്ക്രീൻഷോട്ട്; പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് പരാതി
Kerala

കാഫിർ സ്ക്രീൻഷോട്ട്; പ്രചരിപ്പിച്ച അധ്യാപകനെ പുറത്താക്കണമെന്ന് പരാതി

Web Desk
|
14 Aug 2024 2:13 PM GMT

യൂത്ത് കോൺ​ഗ്രസ് നേതാവ് ദുൽഖിഫിലാണ് പരാതി നൽകിയത്

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് ആയ റിബേഷ് രാമകൃഷ്ണനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് നേതാവ് ദുൽഖിഫിൽ പരാതി നൽകിയത്. ആറങ്ങോട് എം.എൽ.പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന റിബേഷ് സ്‌ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തവരിൽ ഒരാളാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. വെളിച്ചം നൽകേണ്ട അധ്യാപകൻ സമൂഹത്തിൽ വർഗീയ വിഭജനമുണ്ടാക്കി. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണ്. വകുപ്പ് തല നടപടി വേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു. അധ്യാപക പദവിയിൽ തുടരാൻ റിബേഷ് അർഹനല്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് എന്നാണ് പൊലീസ് കണ്ടെത്തൽ. റെഡ് എൻകൌണ്ടർ വാട്ട്സ്അപ്പ് ഗ്രൂപ്പ് അഡ്മിനായ റിബേഷിന്റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചിരുന്നു. വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.

Similar Posts