വടകര റൂറൽ എസ്.പിയുടെ ഭാര്യ രാവിലെയും വൈകുന്നേരവും ബീച്ചിലെത്തുന്നത് പൊലീസ് വാഹനത്തിൽ
|ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി
കോഴിക്കോട്: ജില്ലയിലെ ഉന്നത പൊലീസുദ്യോഗസ്ഥന്റെ ഭാര്യ രാവിലെയും വൈകുന്നേരവും ബീച്ചിലെത്തുന്നത് പൊലീസ് വാഹനത്തിൽ. വടകര റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനമാണ് സ്ഥിരമായി ദുരുപയോഗം ചെയ്യുന്നത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നത് തെളിയിക്കുന്ന ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടു. റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഔദ്യോഗിക വാഹനം പോകുന്ന രീതിയിലെ അസ്വാഭാവികത അറിഞ്ഞാണ് മീഡിയവൺ സംഘം പിന്തുടർന്നത്. അപ്പോൾ വാഹനത്തിൽ എസ്.പിയുടെ ഭാര്യയും മറ്റൊരു സ്ത്രീയും എസ്.പിയുടെ സുരക്ഷ ജീവനക്കാരനുമാണുണ്ടായിരുന്നത്. രാവിലെ ക്യാംപ് ഓഫീസിൽ നിന്ന് ഏകദേശം നാലര കിലോമീറ്ററുള്ള കൊളാവി ബീച്ചിലേക്കാണ് പോകുന്നത്. വൈകീട്ട് എട്ട് കിലോമീറ്റർ അകലെയുള്ള മറ്റൊരു ബീച്ചിലേക്കും പോകുന്നതും മീഡിയവൺ സംഘം കണ്ടു. സ്ഥിരമായി ഔദ്യോഗിക വാഹനം ബീച്ചിലെത്തുന്നത് കാണാമെന്ന് നാട്ടുകാരും പറയുന്നു.
ഉന്നത ഉദ്യോഗസ്ഥർക്ക് ഒന്നിലധികം വാഹനങ്ങൾ കൈവശം വെയ്ക്കാം. നിശ്ചിത തുക അടച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുകയും ചെയ്യാം. ഈ ഉത്തരവിന്റെ മറവിലാണ് ബന്ധുക്കൾ ഈ വാഹനം ഉപയോഗിക്കുന്നത്. 2017ൽ ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കൃത്യമായി പറയുന്നു. ഔദ്യോഗിക വാഹനം ഉദ്യോഗസ്ഥനല്ലാതെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ഉപയോഗിക്കാൻ അനുമതിയില്ലെന്ന്. അതായത് വാഹനം പുറത്ത് പോകുമ്പോൾ ആ ഉദ്യോഗസ്ഥൻ വാഹനത്തിലുണ്ടായിരിക്കണം. ഇതിന്റെയെല്ലാം നഗ്‌നമായ ലംഘനമാണ് വടകര റൂറൽ എസ് പി അർവിന്ദ് സുകുമാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
Vadakara Rural SP Arvind Sukumar's wife reaches the beach in the morning and evening in a police vehicle | MediaOne Exclusive