വടക്കഞ്ചേരി ബസപകടം: ബസ് ഡ്രൈവർ ജോമോൻ പൊലീസ് പിടിയിൽ
|തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോൻ പത്രോസ് പൊലീസ് പിടിയിൽ. കൊല്ലത്ത് വച്ചാണ് ജോമോനെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
അപകടത്തെത്തുടർന്ന് ജോമോൻ ഒളിവിൽ പോയിരുന്നു. അപകടത്തെത്തുടർന്ന് ചെറിയ പരിക്കുകളുമായെത്തിയ ഇയാൾ ആശുപത്രിയിൽ നിന്നാണ് കടന്നുകളഞ്ഞത്. .എറണാകുളം സ്വദേശികളായ ചിലർക്കൊപ്പമാണ് ഇയാൾ പോയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിലും ആരംഭിച്ചു.
പൊലീസ് സംഘത്തെ വെട്ടിച്ച് കൊല്ലത്തെത്തി കരുനാഗപ്പള്ളിയിലേക്ക് കയറുന്നതിനിടെ കരുനാഗപ്പള്ളി പൊലീസ് ജോമോന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പിടികൂടിയത്. നിലവിൽ ഇയാളിപ്പോൾ ചവറ പൊലീസിലാണുള്ളത്. ഇയാൾക്ക് കാര്യമായി പരിക്കുകളുള്ളതായി വ്യക്തമായിട്ടില്ല. അപകടത്തിന് ശേഷം വ്യാജപ്പേരിലാണ് ഇയാൾ ആശുപത്രിയിലെത്തിയതെന്ന് വിവരമുണ്ടായിരുന്നു.
കായംകുളം മുതൽ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നുവെന്നാണ് വിവരം. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസുടമ അരുണാണ് ഇവരിലൊരാൾ. ബസിന്റെ വേഗതയുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ വാർത്തകളുണ്ടായിരുന്നു. വേളാങ്കണ്ണി യാത്രകഴിഞ്ഞ് വിശ്രമമെടുക്കാതെയാണ് ജോമോൻ ട്രിപ്പിനെത്തിയതെന്നായിരുന്നു പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇടവഴികളൊന്നും ഉപയോഗിക്കാതെ ദേശീയപാതയിലൂടെ തന്നെയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ചതെന്നാണ് വിവരം.