വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽനിന്ന് മുങ്ങി
|പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്തുനിന്ന് എത്തിയ ബസ് ഉടമസ്ഥരോടൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നത്.
പാലക്കാട്: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽനിന്ന് മുങ്ങിയതായി ആരോപണം. ബസ് ഡ്രൈവറായ ജോമോൻ വടക്കഞ്ചേരി ഇ.കെ നായനാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്ന് പോവുകയായിരുന്നു.
പുലർച്ചെ മൂന്നരയോടെ പൊലീസുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജോജോ പത്രോസ് എന്ന പേരിലാണ് ജോമോൻ ചികിത്സ തേടിയത്. ഇയാൾക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സറേ എടുത്തപ്പോൾ പൊട്ടലോ ചതവോ ഉണ്ടായിരുന്നില്ല.
പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്തുനിന്ന് എത്തിയ ബസ് ഉടമസ്ഥരോടൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നത്. അധ്യാപകനാണെന്നാണ് ഇയാൾ ആദ്യം പറഞ്ഞതെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. കൂറേ ചോദിച്ചു, അവസാനമാണ് ഡ്രൈവറാണെന്ന് സമ്മതിച്ചതെന്നും ഡോക്ടർ പറഞ്ഞു.
പാലക്കാട്-തൃശൂർ ദേശീയപാതയിലാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലൂടെ ഇടിച്ചുകയറുകയായിരുന്നു. അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേരാണ് മരിച്ചത്.