വൈഗ കൊലക്കേസ്; പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍
|പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും
കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസിൽ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിഞ്ഞു. സനുമോഹന് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 13 വയസായ വൈഗയെ ശീതളപാനീയത്തിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കി സനു മോഹൻ മുട്ടാർ പുഴയിലെറിഞ്ഞെന്നാണ് കേസ്. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
2021 മാർച്ചിലാണ് സനുമോഹനെയും മകളായ വൈഗയെയും കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടിൽ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹൻ വൈഗയുമായി ഇറങ്ങിയത്.
മാർച്ച് 22ന് മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന ധാരണയിൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സനു മോഹൻ മകളെ കൊന്ന് നാട് വിട്ടതായി പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഒരു മാസത്തിന് ശേഷം കർണാടകയിലെ കാർവാറിൽ വെച്ചാണ് സനുമോഹൻ പിടിയിലാകുന്നത്.
സംഭവം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ 300 പേരുടെ സാക്ഷി മൊഴികളാണുള്ളത്. ഇതിൽ 97 പേരെ പ്രൊസിക്യൂഷൻ വിസ്തരിച്ചു. വിചാരണ വേളയിൽ അതിവൈകാരികമായി പ്രതികരിച്ച സനുമോഹൻ കുറ്റം കോടതിയിൽ തുറന്ന് സമ്മതിച്ചു. വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്ന കണ്ടെത്തിയ ഡോക്ടറാണ് പ്രധാന സാക്ഷി.
കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ മദ്യം നൽകുക, തെളിവ് നശിപ്പിക്കുക, എന്നി വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടും സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സനുവിന്‍റെ ഉപേക്ഷിച്ച മൊബൈൽ ഫോണ്‍ ബിഹാറിൽ നിന്നും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങൾ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചു. 134 തൊണ്ടിമുതലുകളും 34 രേഖകളും തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിചാരണ വേളയിൽ സാക്ഷികളാരും കൂറുമാറാത്തതും പ്രോസിക്യൂഷന് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. വധശിക്ഷയോ ജീവിതാവസാനം വരെ തടവോ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍റെ പ്രതീക്ഷ.