Kerala
ആ രക്തക്കറ വൈഗയുടേത് തന്നെ; പരിശോധനാഫലം ലഭിച്ചു
Kerala

ആ രക്തക്കറ വൈഗയുടേത് തന്നെ; പരിശോധനാഫലം ലഭിച്ചു

Web Desk
|
22 April 2021 12:41 AM GMT

വൈഗയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കാറിലേക്ക് കയറ്റാൻ എടുത്തപ്പോള്‍ മൂക്കിൽ നിന്ന് രക്തം താഴെ വീണുവെന്നാണ് പ്രതി സനു മോഹൻ പൊലീസിന് നൽകിയ മൊഴി.

എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരു ദുരൂഹതയുടെ കൂടി ചുരുളഴിഞ്ഞു. കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയാണെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഫ്ലാറ്റിലെത്തിച്ച് മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം കാറിലേക്ക് കയറ്റാൻ എടുത്തപ്പോള്‍ മൂക്കിൽ നിന്ന് രക്തം താഴെ വീണുവെന്നാണ് പ്രതി സനു മോഹൻ പൊലീസിന് നൽകിയ മൊഴി.

അതിനിടെ സനു മോഹൻ കോയമ്പത്തൂരിലേക്ക് കടന്ന കാർ അന്വേഷണ സംഘം കണ്ടെടുത്തു. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി. ഗോവയിലും മൂകാംബികയിലും സനു മോഹനെ കൊണ്ടു പോകും.

കേസിന്‍റെ നാള്‍ വഴി

മാര്‍ച്ച് 21

വൈകീട്ട് ഏഴ് മണിയോടെ മകള്‍ വൈഗയുമായി ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും സനുമോഹന്‍ കാറില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി

മാര്‍ച്ച് 22

കളമശേരി മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി

മാര്‍ച്ച് 22, 23

സനു മോഹനായി മുട്ടാര്‍ പുഴയില്‍ തെരച്ചില്‍. വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മാര്‍ച്ച് 24

സനുമോഹന്റെ കാര്‍ കാണാത്തതില്‍ ദുരൂഹത. കാറില്‍ സനുമോഹന്‍ കടന്നുകളഞ്ഞതായി സംശയം. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

മാര്‍ച്ച് 29

സനു മോഹന്റെ കാര്‍ വാളയാര്‍ ചെക് പോസ്റ്റ് കടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.

മാര്‍‌ച്ച് 30

അന്വേഷണ സംഘം വിലുലീകരിച്ചു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നാല് ഭാഷകളില്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി.

മാര്‍ച്ച് 31

ചെന്നൈ കേന്ദ്രീകരിച്ചുളള അന്വേഷണ സംഘം സനുവിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സനുവിന് വന്‍ സാമ്പത്തിക ബാധ്യതയുളളതായി കണ്ടെത്തല്‍

ഏപ്രില്‍ 1

സനു മോഹന്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ഏപ്രില്‍ 16

സനു മോഹന്‍ കര്‍ണാടകയിലെ മൂകാംബികയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. അന്വേഷണ സംഘം മൂകാംബികയിലേക്ക്. സനു മോഹന്‍ താമസിച്ചിരുന്ന ലോഡ്ജിലെ സിസിടിവി ദൃശ്യം പുറത്തുവന്നു.

ഏപ്രില്‍ 17

സനു മോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യം പുറത്തുവന്നു. കര്‍ണാടകയിലെ ആറിടങ്ങളില്‍ വ്യാപക തെരച്ചില്‍.

ഏപ്രില്‍ 18

സനുമോഹന്‍ കര്‍ണാടകയിലെ കാര്‍വാറില്‍ പിടിയില്‍.

മകളെ കൊന്ന് ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്നാണ് സനു മോഹന്‍റെ മൊഴി. ആത്മഹത്യയെ കുറിച്ച് ഭാര്യയോട് പറഞ്ഞാല്‍ സമ്മതിക്കില്ല. അതുകൊണ്ട് ഭാര്യയെ ഒഴിവാക്കി കങ്ങരപ്പടിയിലെ ഫ്ലാറ്റിലേക്ക് മകളുമായി എത്തി. ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. മകള്‍ മരിച്ചെന്ന് കരുതി മുട്ടാര്‍ പുഴയിലേക്ക് തളളി. ശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് സനുവിന്റെ മൊഴി. ഇത്രയും പൊലീസ് വിശ്വസിച്ചിട്ടുണ്ട്. പക്ഷേ മരിക്കാന്‍ തീരുമാനിച്ച ആള്‍ മകളുടെ മരണം ഉറപ്പാക്കിയ ശേഷം കയ്യില്‍ വലിയ തുകയുമായി സംസ്ഥാനം വിട്ടതെന്തിനെന്ന ചോദ്യത്തിന് സനു മോഹന് മറുപടിയില്ല.

കാര്‍ വിറ്റ പണം കൂടാതെ സംസ്ഥാനം വിടുന്നതിന് മുന്‍പേ തന്നെ സനുവിന്റെ കയ്യില്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ തുക എവിടെപ്പോയെന്ന് ചോദിച്ചപ്പോൾ കുറെ പോക്കറ്റടിച്ചു പോയെന്നായിരുന്നു മറുപടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി സനു മോഹന്‍ പോലീസിനെ വട്ടം കറക്കി. പുനെ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന സനു മോഹന് കോടികളുടെ ബാധ്യതകളുണ്ടായിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിന് പുറത്ത് സനു മോഹനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും നിലവിലുണ്ട്. കേസിന്‍റെ കൂടുതൽ വിശദാംശങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Similar Posts