കഥയുടെ സുൽത്താന് ബേപ്പൂരിൽ സ്മാരകം ഒരുങ്ങുന്നു; ബഷീർ ഫെസ്റ്റിന് ജൂലൈ രണ്ടിന് തുടക്കം
|ബഷീർ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, യുവ സാഹിത്യ ക്യാമ്പ്, ബഷീർ ഫോട്ടോകളുടെ പ്രദർശനം, ഭക്ഷ്യമേള, നാടകം, പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, ഖവാലിയും ഗസലും അടങ്ങുന്ന സംഗീത വിരുന്ന് എന്നിവ ബഷീർ ഫെസ്റ്റിന്റെ ഭാഗമായി നടക്കും
കോഴിക്കോട്: ബേപ്പൂർ സുൽത്താൻ വൈക്ക് മുഹമ്മദ് ബഷീറിന് ബേപ്പൂരിൽ സ്മാരകമൊരുങ്ങുന്നു. കേരള ടൂറിസം വകുപ്പിനു കീഴിൽ കോഴിക്കോട് കോർപ്പറേഷന്റെ ഭൂമിയിൽ 7.37 കോടി രൂപ ചെലവഴിച്ചാണ് ബഷീർ സ്മാരകത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുക. ബഷീർ നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ എല്ലാ മലയാളികളുടെയും സ്വപ്നമായിരുന്ന ബഷീർ സ്മാരകം യാഥാർത്ഥ്യമാകാൻ പോകുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ടൂറിസം മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതോടനുബന്ധിച്ച് നടക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന ബഷീർ ഫെസ്റ്റിന് ജൂലൈ രണ്ടിന് തുടക്കമാകും. എം.എ ബേബി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ബഷീർ സിനിമകളുടെയും ഡോക്യുമെന്ററികളുടെയും പ്രദർശനം, കേരള സാഹിത്യ അക്കാദമിയുമായി ചേർന്നു സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പ്, ബഷീറിന്റെ ഫോട്ടോകളുടെ പ്രദർശനം, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം, ഭക്ഷ്യമേള, സംഗീത-നാടക അക്കാദമിയുമായി ചേർന്നു സംഘടിപ്പിക്കുന്ന നാടകം, പൂതപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, ഖവാലിയും ഗസലും അടങ്ങുന്ന സംഗീത വിരുന്ന്, ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കുന്ന കുട്ടികൾക്കായുള്ള ക്വിസ് മത്സരം എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപകർ കാൻവാസിൽ ബഷീർ ചിത്രങ്ങൾ നിറയ്ക്കും. വൈലാലിലെ വീട്ടിലേക്ക് ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ സന്ദർശനം നടത്തും. സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നത് വയലാലിലെ വീട്ടുമുറ്റത്തെ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്റ്റീനിന്റെ തണലിലാണ്. സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദൻ, എം. മുകുന്ദൻ, സുഭാഷ് ചന്ദ്രൻ എന്നിവർ ക്യാംപിന്റെ ഭാഗമാകും. മജീഷ്യൻ പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന മാന്ത്രികത്തെരുവ് എന്ന പ്രത്യേക മാജിക് ഷോയും നടക്കും.
Summary: A memorial for Vaikom Muhammad Basheer is being prepared at Beypore by Kerala tourism department