വാളയാർ സഹോദരിമാർ, ഫാത്തിമ ലത്തീഫ് : സി.ബി.ഐ കുറ്റവാളികളെ രക്ഷിച്ചെടുക്കുന്നു-ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
|'സംഘപരിവാർ ഭരണകൂടത്തിനു എല്ലാവിധ ഒത്താശയും ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്'
ദലിത്-മുസ്‌ലിം പെണ്‍കുട്ടികളുടെ ദുരൂഹ മരണങ്ങളിൽ കുറ്റവാളികളെ രക്ഷിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളിലാണ് സി.ബി.ഐ ഏർപ്പെട്ടിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ്. വാളയാറിലെ സഹോദരിമാരുടെയും കൊല്ലത്തെ ഫാത്തിമ ലത്തീഫിന്‍റെയും മരണങ്ങൾ ആത്മഹത്യയാണെന്ന് കുറ്റപത്രം സമർപ്പിച്ചത് ഇതിന്‍റെ ഭാഗമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്‍റ് വിലയിരുത്തി.
വാളയാർ പെൺകുട്ടികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നുവെന്ന് പൊലീസ് തന്നെ കണ്ടെത്തിയിരുന്നു.അതെ പ്രതികൾ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അമ്മ മൊഴി നൽകിയിട്ടും പീഡനത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടികൾ ആത്മഹത്യ ചെയ്തതതെന്ന് വരുത്തി തീർക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. കൊല ചെയ്ത കുറ്റവാളികൾക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കി വെറുതെ വിടാനുള്ള അവസരമാണ് പൊലീസ് റിപ്പോർട്ടിന് പുറമേ സി.ബി.ഐയും ചെയ്യുന്നത്. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയിട്ടും സാമാന്യയുക്തിക്ക് പോലും നിരക്കാത്തതാണ് വാളയാർ സഹോദരിമാർ ആത്മഹത്യ ചെയ്തു എന്നത്.
ചെന്നൈ ഐ.ഐ.ടി അധ്യാപകനായിരുന്ന സുദർശൻ പത്മനാഭൻ്റെ പേരുൾപ്പെടെ ഫാത്തിമ ലത്തീഫിൻ്റെ മരണത്തിന് കാരണക്കാരെന്ന് ആരോപണവും ഫാത്തിമയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത കുറിപ്പുമുണ്ടായിരിക്കെ വീടുവിട്ടതിൻ്റെ മനോവിഷമത്തിൽ ആണ് ആത്മഹത്യ ചെയ്തത് എന്ന് വരുത്തി തീർക്കുകയാണ് സിബിഐ കുറ്റപത്രം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിന് ശേഷം രാജ്യത്തുടനീളം ഉയർന്നുവന്ന കാമ്പസ് പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നതിനും ദലിത്- മുസ്‍ലിം വിദ്യാർഥികൾ അനുഭവിക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ പ്രതിഷേധമുയർന്നു വരാതിരിക്കാനുമാണ് സിബിഐയുടെ ഈ റിപ്പോർട്ടുകൾ എന്നാണ് മനസ്സിലാകുന്നത്. ജാതീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും ഫലമായി നടത്തപ്പെടുന്ന സ്ഥാപനവൽകൃത കൊലപാതകങ്ങളുടെ രാഷ്ട്രീയ കാരണങ്ങളെ തന്നെ റദ്ദുചെയ്യുകയാണ് പ്രസ്തുത കുറ്റപത്രങ്ങൾ.
സംഘപരിവാർ ഭരണകൂടത്തിനു എല്ലാവിധ ഒത്താശയും ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മുസ്‍ലിം-ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ മനുഷ്യാവകാശങ്ങളെ പോലും റദ്ദ് ചെയ്യുകയും കുറ്റവാളികളെ വെറുതെ വിടുകയും ചെയ്യുന്ന തുടർച്ചയായ നടപടികളിലൂടെ ഹിന്ദുത്വ ഭരണകൂടത്തിന്‍റെ താല്‍പര്യങ്ങളാണ് പ്രതിഫലിക്കുന്നതെന്നും ഇതിനെതിരിൽ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.