വാൽപ്പാറ കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം
|2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി സഫർഷാ വാൽപ്പാറയിലെത്തിച്ച് കൊലപ്പെടുത്തിയത്
കൊച്ചി: വാൽപ്പാറ കൊലപാതകത്തിൽ പ്രതി സഫർഷാക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും 2,50000 രൂപ പിഴയും വിധിച്ചു. പതിനേഴു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോസ്കോ കോടതിയുടേതാണ് വിധി.
പോക്സോ, കൊലപാതകം എന്നീ വകുപ്പുകൾക്കാണ് ജീവപര്യന്തം ശിക്ഷ. പെൺകുട്ടിയെ കൊലപ്പെടുത്താനായി തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് അഞ്ച് വർഷം വീതം തടവും അനുഭവിക്കണം. അഞ്ച് വർഷത്തെ ശിക്ഷക്ക് ശേഷമായിരിക്കും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക.
2020 ജനുവരിയിലാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി സഫർഷാ എറണാകുളത്തെ സ്കൂളിൽ നിന്നും വാൽപ്പാറയിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. കാറിൽ വെച്ച് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാൽപ്പാറയിലെ കാപ്പിത്തോട്ടത്തിൽ ഉപേക്ഷിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. പ്രണയത്തിൽ നിന്നും പെൺകുട്ടി പിന്മാറാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറയുന്നത്. പീന്നിടാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്ത് വരുന്നത്. വിധിയിൽ സംതൃപിതിയുണ്ടെന്ന് പ്രോസിക്യൂട്ടർ പ്രതികരിച്ചു.