വഞ്ചിസ്ക്വയര്‍; തിരുവേഷമണിയുന്ന മനുഷ്യരുടെ കഥ
|സമകാലിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവലാണ് വഞ്ചി സ്ക്വയര്‍
ഇ.പി ഷാജുദ്ദീന്‍
സമകാലിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നോവലാണ് വഞ്ചി സ്ക്വയര്‍. കഥാപാത്രങ്ങള്‍ നമുക്കു ചുറ്റുമുള്ളവരാകുമ്പോള്‍ വായനയുടെ ഹരം കൂടും. മൂന്നുതലമുറയുടെ കഥ പറയാന്‍ നോവലിസ്റ്റ് ഇടപ്പള്ളി എന്ന പ്രദേശത്തെ കഥാപാത്രമാക്കുന്നു. പ്രസിദ്ധമായ ഈ ഭൂഭാഗത്തു നിന്ന് എഴുത്തുകാരന് ഒരു മഹാസ്ഥാപനത്തിന്റെ തിളക്കവും അതിനെ മലിനപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഇടപെടലുകളും ചര്‍ച്ചയാക്കുന്നു. മതമൊരുക്കിയ ചട്ടക്കൂടിനുള്ളില്‍ കഴിയുമ്പോഴും പെണ് ജീവിതങ്ങള്‍ പൗരോഹിത്യത്തിന്റെ ചെങ്കോലില്‍ അടിപ്പെടുന്നത് ഇതില്‍ വരച്ചുകാട്ടുന്നു.
ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സ്ഥലനാമമായിരുന്നു വഞ്ചി സ്ക്വയര്‍. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ സ്ഥലം കന്യാസ്ത്രീ സമരത്തിന്റെ വേദി എന്ന നിലയില്‍ പ്രശസ്തമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകള്‍ ദീര്‍ഘനാള്‍ നീണ്ട സമരം നടത്തിയത് ഇവിടെയായിരുന്നു. അവിടെ കറുത്ത വസ്ത്രമുടുത്ത് സമരത്തിനിരുന്ന സ്ത്രീകളുടെ കണ്ണില്‍ കണ്ട പകപ്പാണ് നോവലിനു നിമിത്തമായതെന്ന് നോവലിസ്റ്റ് ആമുഖത്തില്‍ പറയുന്നതിനെ അന്വര്ഥമാക്കുന്നു കൃതിയിലെ കഥാ പരിസരം.
കഥാകൃത്തായ രാജു പോളിന്റെ ആദ്യ നോവലായ വഞ്ചി സ്ക്വയര്‍ കന്യാസ്ത്രീ മഠങ്ങളുടെ ഉള്ളറകളിലേക്ക് വെളിച്ചം വിശുന്നു. 'ജീവിക്കാന്‍ കൊതിയുള്ളതുകൊണ്ടു മാത്രം മരിച്ചു ജീവിക്കുന്നവരുടെ ലോകമാണ് മഠങ്ങള്‍' എന്ന് വിവരിക്കുന്ന നോവലില്‍ ആ ഇരുണ്ട ജീവിതം വെളിവാക്കപ്പെടുന്നു. മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കുന്ന നോവല്‍ കഥയും കഥാപാത്രങ്ങളെയും കൊണ്ട് മായികലോകം തന്നെ സൃഷ്ടിക്കുന്നു. ബ്രദര്‍ മാളിയേക്കലും സിസ്റ്റര്‍ ആഗ്നസും ഇടപ്പള്ളി പള്ളിയും പുണ്യാളനും ഒക്കെ കഥാപാത്രങ്ങളാകുന്നു. ഇടപ്പള്ളി പള്ളിയിലെ നേര്‍ച്ചക്കോഴികള്‍ ഒരു പ്രതീകമായി നോവലില്‍ കാണാം. ആരുടെയൊക്കെയോ കാര്യസാധ്യത്തിനായി പിടഞ്ഞു മരിക്കുന്ന കോഴികളെ പോലെയാണ് ഒരു വിഭാഗം കന്യാസ്ത്രീമാരുടെയും പുരോഹിതന്മാരുടെയും ജീവിതമെന്ന് നോവല്‍ വിളിച്ചോതുന്നു.
വഞ്ചി സ്ക്വയര്‍
ഒലീവ് ബുക്സ്
കോഴിക്കോട്
വില - 190 രൂപ.