Kerala
Vandana Das Murder ;Doctors end strike,പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടർമാർ; latest malayalam news,kottarakkara doctor murder,
Kerala

പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടർമാർ; ഓർഡിനൻസ് കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ്

Web Desk
|
12 May 2023 12:49 AM GMT

ഒപിയിൽ ജോലിക്ക് കയറുമെങ്കിലും ആശുപത്രികളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച പണിമുടക്ക് അവസാനിപ്പിച്ച് സംസ്ഥാനത്തെ ആശുപത്രികളിൽ ഇന്ന് മുതൽ ഡോക്ടർമാർ ജോലിക്ക് കയറും. ആരോഗ്യപ്രവർത്തകർക്ക് ജോലി സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമനിച്ചതോടെയാണ് ഡോക്ടർമാർ പണിമുടക്ക് അവസാനിപ്പിച്ചത്.

കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഒപി വിഭാഗം ഉൾപ്പടെ ബഹിഷ്‌കരിച്ച് നടത്തിയ സമരമാണ് ഡോക്ടർമാർ അവസാനിപ്പിച്ചത്. ഇന്നലെ ഡോക്ടർമാരുമായും മെഡിക്കൽ വിദ്യാർഥികളുമായും മുഖ്യമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. 2012ൽ പുറത്തിറക്കിയ ആശുപത്രി സംരക്ഷണനിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാനാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനമായത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക, പ്രത്യേക കോടതിയിൽ വിചാരണ നടത്തി എളുപ്പത്തിൽ കുറ്റവാളികളെ ശിക്ഷിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഓർഡിനൻസിൽ ഉൾപ്പെടുത്തും.

മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ തുടങ്ങിയവയെ പ്രത്യേക സുരക്ഷാവിഭാഗമായി പരിഗണിച്ച് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിനും തീരുമാനമായി. ഓർഡിനൻസ് ഇറക്കുന്നതിന് സമയക്രമം വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

സർക്കാറിന്റെ ഉറപ്പ് മുഖവിലക്കെടുക്കുന്നെന്നും അടുത്ത ബുധനാഴ്ച ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നൂഹ് പറഞ്ഞു. ഒപിയിൽ ജോലിക്ക് കയറുമെങ്കിലും ആശുപത്രികളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.ഉന്നതതലയോഗത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം ചെയ്യാനാണ് സംഘടനകളുടെ തീരുമാനം.

Similar Posts