'പൊലീസ് വീഴ്ചയില്‍ നടപടി വേണം'; ഒ.പി ബഹിഷ്കരിച്ചുള്ള മെഡിക്കല്‍ വിദ്യാർഥികളുടെ സമരം തുടരും
|അത്യാഹിത വിഭാഗം ഉള്‍പ്പെടെ ബഹിഷ്കരിക്കുമെന്ന് പിജി ഡോക്ടർമാർ
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ പൊലീസ് സാന്നിധ്യത്തില്‍ ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ടതില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍.
വന്ദനയെ ആക്രമിച്ച പ്രതി സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല,ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവ് ഇറക്കുക, മെഡിക്കല്‍ കോളജുകളിലടക്കം ജോലിഭാരം കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്.
മതിയായ സുരക്ഷയും താമസസൗകര്യവും സര്‍ക്കാര്‍ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സംഘടനയായ KMPGAയും അറിയിച്ചു. ഇന്ന് രാവിലെ ആരോഗ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ഇക്കാര്യങ്ങള്‍ ഉന്നയിക്കും. ആരോഗ്യമന്ത്രിക്ക് പുറമേ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരും ചര്‍ച്ചയില്‍ പങ്കെടുക്കും. റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ വളരെ അത്യാവശ്യമുള്ള രോഗികള്‍ മാത്രം എത്താവൂവെന്നും ടീച്ചര്‍മാരുടെ സംഘടന അഭ്യര്‍ഥിച്ചു.