'എന്തിനാണ് പൊലീസ് സംവിധാനം?'; സർക്കാരിനും സി.പി.എമ്മിനുമെതിരെ വന്ദനയുടെ പിതാവ്
|'ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ?'
കൊല്ലം: ഡോ: വന്ദനയുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് അച്ഛൻ മോഹൻദാസ്. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണ്. പലതും സഹിക്കാനാകുന്നില്ല. എന്തിനാണ് പൊലീസ് സംവിധാനം പ്രവർത്തിക്കുന്നതെന്നും ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ എന്നും മോഹൻദാസ് ചോദിച്ചു. കെ കെ ശൈലജ കുടുംബത്തെ കാണാനെത്തിയപ്പോഴായിരുന്നു പിതാവിന്‍റെ വൈകാരിക പ്രതികരണം.
അതേസമയം വന്ദനയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഫ്ഐആറിലെ പിഴവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഹൈക്കോടതിയുടെ വിമർശനവും എഫ്.ഐ.ആറിലെ പിഴവും കടുത്ത നാണക്കേടുണ്ടാക്കിയതായി എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.
സന്ദീപിനെ ചികിത്സിക്കുമ്പോൾ പൊലീസുകാർ മാറി നിന്നതിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ഡി.വൈ.എസ്.പി എം.എം.ജോസിന്‍റെ നേതൃത്വത്തിലാകും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക. റൂറൽ എസ് പി എം.എൽ സുനിലിനാണ് മേൽനോട്ട ചുമതല. സന്ദീപിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് കൊട്ടാരക്കര പൊലീസിന് കാര്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നണ് വിവരം. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സന്ദീപ് ആർക്കാണ് അയച്ചതെന്നും വ്യക്തമല്ല.