വന്ദേഭാരത് ബുക്കിങ്ങിന് മികച്ച പ്രതികരണം: എക്‌സിക്യൂട്ടീവ് കോച്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞു
|റഗുലർ സർവീസ് ആരംഭിക്കുന്ന 28 മുതൽ 4 ദിവസത്തേക്ക് ചെയര്‍കാർ ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് വിൽപ്പനയിൽ ആദ്യദിനം മികച്ച പ്രതികരണം. ആദ്യ ദിവസങ്ങളിലെ എക്സിക്യൂട്ടീവ് കോച്ച് ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റഴിഞ്ഞു. 26 ആം തീയതി കാസർകോട് നിന്ന് വന്ദേഭാരത് ആദ്യ സർവീസ് നടത്തും.
രാവിലെ 8 മണിക്ക് ബുക്കിങ്ആരംഭിച്ച വന്ദേഭാരത് ട്രെയിനിന്റെ എക്സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകൾ ഉച്ചയോടെ തന്നെ വിറ്റഴിഞ്ഞു. റഗുലർ സർവീസ് ആരംഭിക്കുന്ന 28 മുതൽ 4 ദിവസത്തേക്ക് ചെയര്‍കാർ ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിന് 2,880 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട് വരെ യാത്ര ചെയ്യാൻ ചെയർകാറിന് 1090 ഉം എക്സിക്യുട്ടീവ് ക്ലാസിന് 2060 ഉം രൂപയാണ് നിരക്ക്. എറണാകുളത്തേക്ക് ചെയർകാറിന് 765 രൂപയും എക്സിക്യുട്ടീവ് ക്ലാസിന് 1420 രൂപയും നൽകണം. തിരുവനന്തപുരത്തിന്റെ അടുത്ത സ്റ്റോപ്പായ കൊല്ലം വരെ പോകാൻ എക്സിക്യൂട്ടീവ് കോച്ചിന് 820 രൂപയും ചെയർകാറിന് 435 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കാസർകോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് വന്ദേഭാരത് പുറപ്പെടുക. തിരിച്ചുള്ള യാത്രയിൽ ടിക്കറ്റ് നിരക്കിൽ ചെറിയ കുറവുണ്ട്. വെള്ളവും ഭക്ഷണവും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്.